തൃശൂർ: ഷർട്ടിടാതെ രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലൻസ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആംബുലൻസില്‍ ചാടിയിറങ്ങി രോഗിയെ സ്‌ട്രെച്ചറില്‍ കിടത്തി ആശുപത്രി ജീവനക്കാര്‍ക്കൊപ്പം അകത്തേക്ക് പായുന്ന ഷർട്ടിടാത്ത ഡ്രൈവറുടെ അർപ്പണബോധത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. തൃശൂർ ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ് ഡ്രൈവർ.
ട്രിപ്പ് കഴിഞ്ഞ് തളിക്കുളത്ത് ആംബുലൻസ് നിർത്തിയിട്ട് കഴുകുകയായിരുന്നു അജ്മല്‍. ഇതിനിടെയാണ് കൂട്ടുകാരൻ വിളിക്കുന്നത്. 'സഹോദരൻ ടെറസില്‍ നിന്ന് വീണു, അനക്കമൊന്നുമില്ല, നീ പെട്ടെന്ന് വരണം'. ഷർട്ടിട്ട് വരാൻ സമയമില്ലാത്തിനാല്‍ അജ്മല്‍ ആ രൂപത്തില്‍ തന്നെ ആംബുലൻസുമായി പുറപ്പെട്ടു.
അപകടം സംഭവിച്ച 16കാരനുമായി കാറില്‍ പുറപ്പെട്ട വീട്ടുകാർ അതിനകം പകുതി ദൂരം പിന്നിട്ടിരുന്നു. കാറിനടത്തെത്തി രോഗിയെ ആംബുലൻസിലേക്ക് മാറ്റി വാടാനപ്പിള്ളി ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. ആശുപത്രിയില്‍ ഇറങ്ങിയതില്‍ പിന്നെ ഷർട്ടുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാൻ സമയമില്ലായിരുന്നു. പതിവ് പോലെ ആശുപത്രി ജീവനക്കാർക്കൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നു അജ്മല്‍. സമയോചിതമായ ഇടപെടലില്‍ ആ കൗമാരക്കാരൻ ആരോഗ്യം വീണ്ടെടുത്തു.
എന്നാല്‍, ആശുപത്രി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് ആംബുലൻസ് ഓടിച്ചിരുന്ന യുവാവിനെ അന്വേഷിച്ച് ലോകത്തിന്റെ പലകോണിലിരുന്ന് മനുഷ്യർ ചോദിച്ചുകൊണ്ടിരുന്നത്. അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുന്നത് ചേറ്റുവ സ്വദേശി അജ്മലാണെന്ന് തിരിച്ചറിഞ്ഞതില്‍ നാട്ടുകാർക്കിടയിലും താരമായി മാറി.

Post a Comment