കാത്തിരുന്ന ഒരുപിടി ചിത്രങ്ങള്‍ ഒടിടിയിലെത്തുന്ന മാസമാണിത്. ഈ മാസം ഒടിടിയില്‍ റിലീസു ചെയ്യുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പൈങ്കിളി'. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയത്. സജിൻ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. പൈങ്കിളി ഈ മാസം ഒടിടിയില്‍ റിലീസു ചെയ്യും. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
വിക്കി കൗശല്‍ നായകനായി ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഛാവ'. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രം ബോക്സ് ഓഫീസില്‍ ഇന്ത്യയില്‍ നിന്നു മാത്രം 600 കോടിയോളും രൂപ നേടിയെന്നാണ് റിപ്പോർട്ട്. തിയേറ്ററുകളില്‍ പ്രദർശനം തുടരുന്ന ചിത്രം ഒടിടിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. റിപ്പോർട്ടുകള്‍ അനുസരിച്ച് നെറ്റ്ഫ്ലിക്സിലൂടെ ഛാവ ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രില്‍ 11 ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്ബൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിന്‍കൂട് ഷാപ്പ്.' ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസ് അന്വേഷണവും പറയുന്ന ചിത്രമാണിത്. സമ്മിശ്ര പ്രതികരണമായിരുന്നു പ്രാവിന്‍കൂട് ഷാപ്പ് നേടിയത്. സോണി ലിവിലൂയെടാണ് പ്രാവിന്‍കൂട് ഷാപ്പ് ഓടിടിയിലെത്തുന്നത്. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത 'ബ്രോമാൻസ്' ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. അർജ്ജുൻ അശോകൻ, മഹിമ നമ്ബ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോണ്‍, മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണിത്. റിപ്പോർട്ടുകള്‍ അനുസരിച്ച് ജിയോഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രില്‍ മാസം ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.

Post a Comment