മലപ്പുറം:മലപ്പുറം ജില്ലയില്‍ വീട്ടില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്ബയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്.
ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന് വിവിധ പരിപാടികള്‍ നടത്താനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നത്. ഈ വർഷം മാത്രം മലപ്പുറം ജില്ലയില്‍ മാത്രം 155 പേർ വീട്ടില്‍ പ്രസവിച്ചുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. 2020ല്‍ 199, 2021ല്‍ 257, 2022ല്‍ 258, 2023ല്‍ 266, 2024ല്‍ 253 പ്രസവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ഈ പ്രവണതക്ക് മാറ്റമില്ല. അതിനാല്‍ തന്നെ ഈ വർഷത്തെ ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴ് മുതല്‍ ഇതിനെതിരെ ക്യാമ്ബയിൻ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. 'ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിർഭരമായ ഭാവിക്ക്' എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിന സന്ദേശം.
ഈ അവസരത്തില്‍ 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന മുദ്രാവാക്യമാണ് കേരള സർക്കാർ മുന്നോട്ട് വെക്കുന്നത്. മാതൃ-നവജാത ശിശുമരണങ്ങള്‍ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന ശ്രമങ്ങള്‍ വേഗത്തിലാക്കാൻ പൊതുസമൂഹത്തിന്റെ ഒരുമിച്ചുള്ള ഇടപെടലിന്റെ അനിവാര്യതയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തില്‍ മാതൃ - ശിശു മരണങ്ങള്‍ കുറഞ്ഞപ്പോള്‍ പ്രസവം തീരെ ലളിതമാണെന്നും അതിനു ആശുപത്രിയില്‍ പോകേണ്ട കാര്യമൊന്നുമില്ല എന്നൊരു ധാരണയുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു. ഇത് വളരെ അപകടകരമാണെന്നും യഥാർത്ഥത്തില്‍ ശരിയായ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ മുൻപുള്ള അപകടങ്ങള്‍ ഇപ്പോഴും സംഭവിക്കാവുന്നതേയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഏപ്രില്‍ ഏഴിന് ലോകാരോഗ്യ ദിനത്തില്‍ ആരംഭിക്കുന്ന ഈ ക്യാമ്ബയിന്റെ ഭാഗമായി, പ്രത്യേകിച്ച് വീട്ടിലെ പ്രസവം കൂടുതലുള്ള വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ നാടകങ്ങള്‍, വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവർ നയിക്കുന്ന സെമിനാറുകള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചർച്ചകള്‍, വിവിധ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ എന്നിവ തുടർന്നും സംഘടിപ്പിക്കും.
ഇതോടൊപ്പം തന്നെ കുട്ടികളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വാക്‌സിൻ സ്വീകരിക്കുന്നതു മൂലം തടയാവുന്ന 12 മാരക രോഗങ്ങളെ സംബന്ധിച്ചും കുഞ്ഞുങ്ങള്‍ക്ക് പ്രായത്തിനനുസരിച്ച് കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി 'കുഞ്ഞിക്കുട' എന്ന പേരില്‍ സമ്ബൂർണ്ണ വാക്‌സിനേഷൻ ക്യാമ്ബയിന് ഈ ലോക ആരോഗ്യ ദിനത്തില്‍ തുടക്കം കുറിക്കും. ലോകാരോഗ്യ ദിനാചരണം ജില്ലാ തല ഉദ്ഘാടനം മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളില്‍ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് മലപ്പുറം എം എല്‍ എ ഉബൈദുള്ള നിർവഹിക്കും.
Post a Comment