ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച ഭീകരരുടെ രേഖാചിത്രത്തിനു പുറമെ അക്രമികള്‍ നാലുപേർ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തുവിട്ടു.
രേഖാചിത്രത്തിലുള്ള ആസിഫ് ഫൗജ്, സുലൈമാൻ ഷാ, അബു തല്‍ഹ എന്നിവരാണ് ചിത്രത്തിലെ മൂന്നുപേർ. നാലാമൻ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. ആറുപേരാണ് പഹല്‍ഗാമിലെ ബൈസാരൻ പുല്‍മേട്ടില്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു.
ഭീകരർക്കായുള്ള തിരച്ചില്‍ മേഖലയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. രേഖാചിത്രം പുറത്തുവിട്ട മൂന്ന് പേരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടില്‍ അംഗങ്ങളാണ്. നിരോധിത ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റൻസ് ഫ്രണ്ട്. തിരച്ചിലിനിടെ ബാരാമുല്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
സുരക്ഷാ ഏജൻസികള്‍ പുറത്തുവിട്ട രേഖാചിത്രങ്ങള്‍
ആക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്കറെ ത്വയ്യിബ കമാൻഡർ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരില്‍ നിന്നാണ് ഇയാള്‍ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന്‍റെ ഭാഗമായ ഭീകരരില്‍ പലരും സമീപകാലത്ത് പാകിസ്താനില്‍നിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും ലഷ്കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതർ വിശദീകരിച്ചു.
ഇന്ത്യ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയതോടെ പാകിസ്താനില്‍ അതിർത്തി ഗ്രാമത്തിലുള്ളവർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരാക്രമണവുമായി പാകിസ്താന് ബന്ധമില്ലെന്ന് ആ രാജ്യത്തെ സർക്കാർ വ്യക്തമാക്കിയെങ്കിലും ഇന്ത്യ ഈ വിശദീകരണം തള്ളി. വിനോദ സഞ്ചാരികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഭീകരതക്കെതിരെ പോരാടാൻ യു.എസ്, ബ്രിട്ടൻ, ഇറ്റലി, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment