വേലിയുണ്ടായിട്ടും പയ്യാവൂരില്‍ കാട്ടാനകളെത്തുന്നു

ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തിന്‍റെ വനാതിർത്തിയില്‍ വേലി നിർമിച്ചിട്ടും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായില്ല.
കഴിഞ്ഞയാഴ്ച കാഞ്ഞിരക്കൊല്ലി ഏലപ്പാറ ജനവാസ മേഖലയില്‍ എട്ട് കാട്ടാനകളാണ് ഇറങ്ങിയത്. വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ഇവയെ സൗരോർജ തൂക്കുവേലിക്കപ്പുറത്തെ കർണാടക വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ മാസം ചന്ദനക്കാംപാറ ആടാംപാറത്തട്ടിലും നാല് കാട്ടാനകളിറങ്ങി. ഇവയേയും വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാടുകയറ്റിയത്.
14 കിലോമീറ്ററാണ് പയ്യാവൂർ പഞ്ചായത്തിന്‍റെ വനാർത്തി. ഇതില്‍ 11 കിലോമീറ്റർ ഭാഗത്ത് സൗരോർജ തൂക്കുവേലിയുണ്ട്. മൂന്ന് കിലോമീറ്റർ ഭാഗത്ത് നേരത്തെ വനംവകുപ്പ് പണിത ആന വേലിയുമുണ്ട്.
ശാന്തിനഗർ ആനപ്പാറ മുതല്‍ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് 80 ലക്ഷം രൂപ ചെലവില്‍ തൂക്കുവേലികളൊരുക്കിയത്. വനാതിർത്തിയില്‍ സരോർജ തൂക്കുവേലിയും ആനവേലിയുമുണ്ടായിട്ടും കാട്ടാനശല്യമൊഴിയാത്തതിന്‍റെ ആശങ്കയിലാണ് മലയോര കർഷകർ. തൂക്കുവേലിയുടെ ഉദ്ഘാടന ദിവസവും പതിനഞ്ചോളം കാട്ടാനകള്‍ ആടാംപാറ ഭാഗത്ത് തമ്ബടിച്ചതായി പ്രദേശവാസികള്‍ പറയുന്നു.

Post a Comment

Previous Post Next Post