യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നു ; പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം


കൊച്ചി: മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് ജാമ്യം. പെരുമ്ബാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വേടൻ കോടതിയില്‍ പറഞ്ഞു. യഥാർഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നെന്നും വേടൻ പറഞ്ഞു.


വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിർത്തിരുന്നു. വേടൻ രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.
രഞ്ജിത് കുമ്ബിടി എന്നയാളാണ് മാല നല്‍കിയത് എന്ന് പറയുന്നുവെന്നും എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
മാലയില്‍ പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
തിങ്കളാഴ്ച വൈറ്റില കണിയാമ്ബുഴക്ക് സമീപത്തെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടൻ ഉള്‍പ്പെടെ ഒമ്ബതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്തത്. കഞ്ചാവ് കേസില്‍ അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post