ആലക്കോടിന്റെ ഐശ്വര്യമായി മഞ്ഞക്കടമ്പ് മരം


ആലക്കോട്: കിഴക്കന്‍ മലയോരത്തെ പ്രധാന ടൗണായ ആലക്കോട്‌ ടൗണിലെത്തുന്നവരുടെ ശ്രദ്ധയില്‍ വരുന്നൊരു കൂറ്റന്‍ മരമുണ്ട;്‌ ടൗണിനു ഒത്ത നടുക്കായി റോഡരികില്‍ ഏകദേശം 60 വയസോളം പ്രായമുള്ള, മനോഹരമായ ഇലകളോടു കൂടിയ മഞ്ഞക്കടമ്ബ്‌ മരം.
കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ ചരിത്രത്തില്‍ അതിപ്രാധാന്യമുള്ള ആലക്കോടിന്റെ സ്രഷ്‌ടാവായ, ആലക്കോട്‌ തമ്ബുരാന്‍ എന്നറിയപ്പെടുന്ന പി.ആര്‍. രാമവര്‍മ്മയുടെ കാലത്താണ്‌ ഈ വൃക്ഷം ഇവിടെ വളര്‍ന്നുവന്നത്‌.
ടൗണില്‍ നിന്നും കൊട്ടാരത്തിലേക്കു പോവുന്ന പാതയുടെ കവാടത്തിലാണ്‌ മരമുള്ളത്‌. മഞ്ഞക്കടമ്ബ്‌ എന്ന്‌ മലയാളത്തിലും ഹാല്‍ദു എന്ന്‌ ഹിന്ദിയിലും വിളിക്കുന്നു. റുബിയേസി കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്‌ത്രനാമം ഹാല്‍ഡിന കോര്‍ഡി ഫോലിയ എന്നാണ്‌. വലിയ ഉയരത്തില്‍ വളരുന്ന ഇല കൊഴിയും വൃക്ഷമാണ്‌. ഇന്ത്യയിലും തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും കാണപ്പെടുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകള്‍ ശിഖരങ്ങളില്‍ വിപരീതദിശയില്‍ വളരുന്നു. ചെറിയ ഗോളാകൃതിയിലുള്ള മഞ്ഞ നിറമുള്ള പൂക്കളാണുണാവുക. ജൂണ്‍ മുതല്‍ ആഗസ്‌റ്റ് വരെ പൂവിടും.പൂക്കള്‍ക്ക്‌ സുഗന്ധമുണ്ടാവും. പൂക്കാലത്ത്‌ ധാരാളം പ്രാണികള്‍, തേനീച്ച, പൂമ്ബാറ്റ, പക്ഷികള്‍ എന്നിവയെ ആകര്‍ഷിക്കും.
വിത്തുകള്‍ പാകമാവാന്‍ ഒരു വര്‍ഷത്തോളമെടുക്കും. ചെറിയ വിത്തുകള്‍ മുളക്കുന്നതിനു വളരെ കുറഞ്ഞ സാധ്യതകളാണുള്ളത്‌. അതിനാല്‍ പുതിയ തൈകള്‍ വളര്‍ന്നു വ്യാപിക്കാന്‍ പ്രയാസമാണ്‌. അതുകൊണ്ട്‌ കൂടുതല്‍ മരങ്ങള്‍ ഉണ്ടാവുന്നില്ല. തടിക്ക്‌ കട്ടി കുറവായതിനാല്‍ ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുപയോഗിക്കുന്നു. മരത്തിന്റെ പുറം തൊലിക്ക്‌ ചാരനിറമോ, ഇളം കറുപ്പോ ആണ്‌. എന്നാല്‍ മരം മുറിക്കുമ്ബോള്‍ പെട്ടെന്ന്‌ തൊലി മഞ്ഞനിറമായി മാറും. അതിനാലാണ്‌ മഞ്ഞക്കടമ്ബ്‌, മഞ്ഞ തേക്ക്‌ (യെല്ലോ ടീക്ക്‌) എന്നു പേരുവന്നത്‌. തടിക്ക്‌ ആസിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതിനാല്‍ ലാബോറട്ടറികളിലെ മേശകളുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.
ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. പിത്തം, വീക്കം, മൂത്രാശയ രോഗങ്ങള്‍, മുറിവുകള്‍, പനി, അള്‍സര്‍, ചര്‍മരോഗങ്ങള്‍ക്കെല്ലാം മരുന്നായി ഉപയോഗിക്കാറുണ്ട്‌. മതപരമായ പ്രാധാന്യവും ഇതിനുണ്ട്‌. ചിലയിടങ്ങളിലെ ഹൈന്ദവ വിവാഹ ചടങ്ങുകളില്‍ ഇതിന്റെ ഇലകള്‍ക്ക്‌ സ്‌ഥാനമുണ്ട്‌. പതിറ്റാണ്ടുകളായി ആലക്കോട്‌ ടൗണില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ വൃക്ഷരാജനെ, റോഡു വികസനത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായപ്പോളെല്ലാം പരിസ്‌ഥിതിസ്‌നേഹികളും നാട്ടുക്കാരും എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്‌. ടൗണിലെ ആദ്യകാല ബസ്‌ സ്‌റ്റോപ്പ്‌ കൂടിയാണ്‌ ഈ വൃക്ഷച്ചുവട്‌.

Post a Comment

Previous Post Next Post