രജിസ്റ്റര്‍ ചെയ്തത് 3.82 ലക്ഷം തൊഴിലാളികള്‍ മാത്രം; അതിഥി ആപ്പില്‍ രജിസ്റ്റര്‍ചെയ്യാത്തവരെ കണ്ടെത്താൻ ശ്രമം


കൊല്ലം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍വകുപ്പ് മാസങ്ങള്‍ക്കുമുൻപ് സജ്ജമാക്കിയ അതിഥി ആപ്പില്‍ ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തത് 3,82,700 തൊഴിലാളികള്‍മാത്രം.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളതിനാല്‍ തൊഴില്‍വകുപ്പ് അധികൃതർ നേരിട്ടുതന്നെ തൊഴിലാളികള്‍ കേന്ദ്രീകരിക്കുന്ന ഇടങ്ങളിലെത്തി രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ ശ്രമങ്ങള്‍ ഊർജിതമാക്കി.
2015-ല്‍ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതരസംസ്ഥാനക്കാർ ജോലിചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നടക്കം അന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. കോവിഡ് കാലത്ത് കേരളത്തില്‍നിന്ന് തൊഴിലാളികള്‍ വൻതോതില്‍ മടങ്ങിപ്പോയി. കഴിഞ്ഞ മൂന്നുവർഷംകൊണ്ട് തൊഴില്‍മേഖലകള്‍ സാധാരണനിലയിലായതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ മടങ്ങിയെത്തി. എന്നാല്‍ ഇവരെ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ തൊഴില്‍വകുപ്പിലില്ല. 5,16,000 മറുനാട്ടുകാർ സംസ്ഥാനത്തുണ്ടെന്നാണ് വകുപ്പിന്റെ ഏകദേശ കണക്ക്. ജില്ലാതലത്തില്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യാൻ ക്യാമ്ബുകള്‍ നടത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
ഇതിനു പരിഹാരം കാണാൻ തൊഴിലിടങ്ങളിലേക്കു പോകാനായി ഇതരസംസ്ഥാനക്കാർ എത്തുന്നയിടങ്ങള്‍, അവരുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തില്‍ അതിഥി ആപ്പില്‍ രജിസ്റ്റർ ചെയ്യിക്കാനാണ് നീക്കം.

Post a Comment

Previous Post Next Post