ഫോണ്‍ സ‍‍ര്‍വ്വീസ് ചെയ്യാൻ 13700 രൂപ ഗൂഗിള്‍ പേ ചെയ്തു, ഒന്നും ശരിയായില്ല! 21700 രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി


കൊച്ചി: സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കാതെ വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനത്തിന് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
ഫോണ്‍ തകരാർ പരിഹരിച്ച്‌ നല്‍കുന്നത് കൂടാതെ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
എറണാകുളം അമ്ബലമുകള്‍ സ്വദേശി കുര്യാക്കോസ്, പെന്റ മേനകയില്‍ പ്രവർത്തിക്കുന്ന 'സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിംഗ്' എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറില്‍ ഐഫോണ്‍ 12, ഐഫോണ്‍ 7 പ്ലസ് എന്നീ രണ്ട് മൊബൈല്‍ ഫോണുകള്‍ ശരിയാക്കുന്നതിനായി സ്ഥാപനത്തിന് നല്‍കിയിരുന്നു. ഉപഭോക്താവ്, ഗൂഗിള്‍ പേ വഴി ആകെ 13,700 രൂപയും നല്‍കി.
എന്നാല്‍ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഫോണ്‍ ശരിയാക്കി നല്‍കാനോ തുക തിരികെ നല്‍കാനോ സ്ഥാപനം തയ്യാറായില്ല. പരാതിക്കാരൻ സമർപ്പിച്ച ബാങ്ക് ട്രാൻസാക്ഷൻ രേഖകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാവിന്റെ ഡിസ്ചാർജ് സമ്മറിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കമ്മീഷൻ പരിശോധിച്ചു.
30 ദിവസത്തിനകം ഫോണ്‍ റിപ്പയർ ചെയ്ത് പരാതിക്കാരന് നല്‍കണം. അതിനു കഴിയുന്നില്ലെങ്കില്‍ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ13,700 തിരികെ നല്‍കണം. കൂടാതെ പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് എതിർകക്ഷി 5,000 രൂപയും കേസ് നടത്തിപ്പിൻ്റെ ചെലവിലേക്കായി 3,000 രൂപയും 45 ദിവസത്തിനകം നല്‍കാൻ എതിർ കക്ഷിക്ക് ഉത്തരവ് നല്‍കി.
സേവനത്തിനായി തുക സ്വീകരിച്ചതിനു ശേഷവും സേവനം നിരസിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് ഡിബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവില്‍ വിലയിരുത്തി. പരാതിക്കാരന് വേണ്ടി അഡ്വ. ആർ. രാജ രാജ വർമ്മ കോടതിയില്‍ ഹാജരായി.

Post a Comment

Previous Post Next Post