തുച്ഛമായ ശമ്പളം, 12 മണിക്കൂര്‍ വരെ അടിമപ്പണി, ഞെട്ടിക്കുന്ന ശിക്ഷകൾ; മാര്‍ക്കറ്റിംഗ് കമ്പനികളുടെ തൊഴില്‍ ചൂഷണം പുറത്ത്


എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി നമ്മുടെ വീട്ടുവാതിലിൽ വന്ന് മുട്ടുന്ന, പഠനത്തിൻ്റെ ഭാഗമായ പ്രൊജക്ടാണ്, ഒരു പ്രൊഡക്ട് വാങ്ങുമോ എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഈ കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്. മാർക്കറ്റിംഗ് കമ്പനികൾ തൊഴിൽ വാഗ്ദാനം നൽകി വലിയ ചൂഷണത്തിന് ഇരയാക്കുന്നവരാണ് ഇവരിലേറെയും
എംബിഎ പഠന പ്രൊജക്ടിൻ്റെ ഭാഗമാണ് എന്ന പേരിൽ വീടുകളിൽ ബാഗും തൂക്കി സാധനങ്ങൾ വിൽക്കാൻ വരുന്ന ചെറുപ്പക്കാരെ കണ്ടിട്ടില്ലേ. പക്ഷേ ഇവരിൽ മിക്കവരും എംബിഎ വിദ്യാർഥികളല്ല. മാർക്കറ്റിംഗ് കമ്പനികൾ തൊഴിൽ വാഗ്ദാനം നൽകി വലിയ ചൂഷണത്തിന് ഇരയാക്കുന്നവരാണ് ഇവരിലേറെയും. തുച്ഛമായ ശമ്പളം നൽകിയാണ് 12 മണിക്കൂർ വരെ അടിമപ്പണിയെടുപ്പിക്കുന്നത്. ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം നടത്തുന്ന ചൂഷണം പുറത്തുകൊണ്ടുവരുകയാണ് ന്യൂസ് മലയാളം. 
ജിപിഎൽ, എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ പദവി വാഗ്ദാനം ചെയ്താണ് ക്രൂരമായ ഈ കമ്പനി വർഷങ്ങളായി തൊഴിൽ പീഡനം നടത്തുന്നത്.
കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക, ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാ‍ർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവ‍ർ പറയുന്നു. അ‍ർധനഗ്നരാക്കി നി‍ർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. എന്നാൽ, പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണെന്ന് ഇരകളായ യുവാക്കൾ പറയുന്നു.

Post a Comment

Previous Post Next Post