യാത്രകളില്‍ കോമഡി ക്ലിപ്പുകളും പാട്ടുകളും ആസ്വദിക്കാം; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍ വരുന്നു


കൊച്ചി: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി ദുരിതപൂര്‍ണവും വിരസവുമാകില്ല. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് യാത്ര ആനന്ദകരമാക്കാം.

ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ അനുഭവമാകുക എന്നതോടൊപ്പം, സര്‍വീസ് ഇതര വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്‌ആര്‍ടിസിയുടെ നടപടി.
സ്വിഫ്റ്റ് ബസുകളില്‍, പ്രത്യേകിച്ച്‌ സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നഷ്ടത്തിലായ കെഎസ്‌ആര്‍ടിസിക്ക് കൂടുതല്‍ സഹായകവുമാകും. യാത്രയ്ക്കിടെ, യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സുരക്ഷിതമായി ലഭിക്കുകയും ചെയ്യും.
'തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്‌ട്രിക് ബസുകളില്‍ എല്‍ഇഡി ടിവികള്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരസ്യദാതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റിലും ഉയര്‍ന്ന വിഭാഗത്തിലുള്ള ബസുകളിലും എല്‍ഇഡി ടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.' കെഎസ്‌ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ബസില്‍ ഡ്രൈവര്‍ ക്യാബിന് പിന്നില്‍ അനുയോജ്യമായ ഉയരത്തില്‍ രണ്ട് എല്‍ഇഡി ടിവികള്‍ ഘടിപ്പിക്കും, അതുവഴി എല്ലാ യാത്രക്കാര്‍ക്കും തടസ്സമില്ലാതെ അവ കാണാന്‍ കഴിയും. അങ്ങനെ യാത്രക്കാര്‍ക്ക് യാത്രയിലുടനീളം വിനോദം ആസ്വദിക്കാനും വിരസതയും ക്ഷീണവും ഒഴിവാക്കാനും കഴിയും. പുറത്തിറങ്ങുന്ന എല്ലാ പുതിയ സ്വിഫ്റ്റ് ബസുകളിലും ഈ സൗകര്യം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post