വീട്ടില്‍ വിലകൂടിയ മദ്യശേഖരം, റബ്ബര്‍ ബാന്റിട്ട് കെട്ടിയ നിലയില്‍ പണം; എറണാകുളം RTO വിജിലൻസ് പിടിയില്‍


എറണാകുളം: കൈക്കൂലിക്കേസില്‍ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സണ്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി.

ജെയ്സന്റെ വീട്ടില്‍നിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെർമിറ്റ് പുതുക്കുന്നതിന് ജെയ്സണ്‍ കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്സണെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെയ്സണും മറ്റുചില ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
ജെയ്സന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വിദേശമദ്യത്തില്‍ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.

റോഡില്‍വെച്ച്‌ പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്സണെ വിജിലൻസ് സംഘം പിടികൂടിയതെന്ന് വിജിലൻസ് എസ്.പി പ്രതികരിച്ചു. രാമു, സജി എന്നീ കണ്‍സള്‍ട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാള്‍. വീടിനുപുറമേ ജെയ്സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയില്‍ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post