ഒരു വര്‍ഷമായി ദൃഷാന കോമയില്‍; വാഹനാപകടത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍


കോഴിക്കോട്: വടകര ചോറോട് കാറിടിച്ച്‌ ഒമ്ബതു വയസ്സുകാരി ദൃഷാന ഒരുവർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസില്‍ കാറോടിച്ച പ്രതി പിടിയില്‍.
പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിനെയാണ് (35) കോയമ്ബത്തൂരില്‍ നിന്ന് പിടികൂടിയത്. അപകടശേഷം ഇൻഷുറൻസ് തുകയും തട്ടി വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ഡിസംബറില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റെന്നാണ് വിവരം.
വാഹനമിടിച്ച്‌, തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. ഒമ്ബത് മാസത്തിന് ശേഷമാണ് ഷെജീലിന്‍റെ കാറാണ് ഇരുവരെയും ഇടിച്ചിട്ട് നിർത്താതെ പോയതെന്ന് കണ്ടെത്താനായത്.

2024 ഫെബ്രുവരി 17നാണ് വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ രാത്രി ഒമ്ബതുമണിയോടെ അപകടമുണ്ടായത്. പുത്തലത്ത് ബേബി മരിക്കുകയും കൂടെയുണ്ടായിരുന്ന പേരക്കുട്ടി ദൃഷാനക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ ഷെജീല്‍ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഷെജീല്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശിച്ച്‌ വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേശീയ പാതയില്‍ വെച്ച്‌ ദൃഷാനയെയും ബേബിയെയും ഇടിച്ചുതെറിപ്പിച്ച്‌ കാർ നിർത്താതെ പോയത്. പിൻസീറ്റിലിരുന്ന മക്കള്‍ മുൻ സീറ്റിലിരിക്കാൻ വാശിപിടിച്ചതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
സംഭവത്തില്‍ കേസിന്റെ ചുരുളഴിഞ്ഞത് പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെയാണ്. ഷെജീലിന്‍റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തില്‍ തകർന്നിരുന്നു. പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച്‌ തകർന്നതാണെന്ന് ഇൻഷുറൻസ് കമ്ബനിക്ക് വ്യാജ വിവരം നല്‍കി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു.
അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളില്‍ കയറിയിറങ്ങിയ അന്വേഷണസംഘം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോണ്‍ കോളുകളും കേസില്‍ പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വർക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് വെള്ളൂരിലെ വർക്ക് ഷോപ്പില്‍നിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷനല്‍ ഇൻഷുറൻസ് കമ്ബനിയില്‍ നിന്ന് 30,000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാറാണ് ദൃഷാനയെയും ബേബിയെയും ഇടിച്ച്‌ തെറിപ്പിച്ചതെന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post