വെല്ലൂരില്‍ പീഡനശ്രമത്തിനിടെ പ്രതി ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു


ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു.
വെല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ് 36കാരി. 

നാലു മാസം ഗർഭിണിയായ ഇവർ കഴിഞ്ഞ ദിവസമാണ് ഓടുന്ന ട്രെയിനില്‍വച്ച്‌ പീഡനത്തിനിരയായത്. തമിഴ്നാട്ടിലെ വെല്ലൂരില്‍ വ്യാഴാഴ്ച കോയമ്ബത്തൂർ-തിരുപ്പതി ഇന്‍റർസിറ്റി എക്സ്പ്രസിലാണ് സംഭവം. 

ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടതായാണ് വിവരം. സംഭവത്തില്‍ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ജോളാർപേട്ട റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍കയറിയ പ്രതി ലേഡീസ് കമ്ബാർട്ട്മെന്‍റില്‍ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 

തുടർന്ന് ശുചിമുറിയില്‍ ക‍യറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. ‌വീഴ്ചയില്‍ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

Previous Post Next Post