വടക്കേമലബാറിലെ ഏറ്റവുംവലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്‍റ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു

 


പരിയാരം: 1.86 കോടി രൂപ ചെലവഴിച്ച്‌ സ്ഥാപിച്ച വടക്കേമലബാറിലെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്‍റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി.

പരിയാരം അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറിയിലാണ് 446 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. ഫാക്ടറിയുടെ മേല്‍ക്കൂരകളിലായി സ്ഥാപിച്ച സോളര്‍ പാനലുകളില്‍നിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. 545 വാട്‌സ് പവര്‍ ശേഷിയുള്ള 819 പാനലുകളില്‍നിന്നുള്ള വൈദ്യുതി കെഎസ്‌ഇബി ഗ്രിഡിലേക്കും വൈദ്യുതി നല്‍കും. പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ഇതുവഴി കണ്‍സോര്‍ഷ്യത്തിന് വൈദ്യുതിയിനത്തില്‍ ലാഭിക്കാനാവുക.


രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ഫാക്ടറികളിലൊന്നാണ് 32 ഫര്‍ണിച്ചര്‍ വ്യവസായികളുടെ കൂട്ടായ്മയായ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം. ടാറ്റാ സോളര്‍ കമ്ബനിയുടെ മോണോക്രിസ്റ്റലിന്‍ ഹാഫ് കട്ട് പാനലുകളാണ് ഫാക്ടറിയുടെ മുകള്‍ഭാഗത്തായി സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂര്‍ അസിസ്റ്റന്‍റ് കളക്ടര്‍ സായ്കൃഷ്ണ സോളാര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. അജിമോന്‍ അധ്യക്ഷത വഹിച്ചു. ടാറ്റ പവര്‍ നോര്‍ത്ത് കേരളാ സെയില്‍സ് മാനേജര്‍ ആര്‍. വിഘ്‌നേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍, മലബാര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി. അബ്ദുള്‍കരീം, എംഡി കെ.പി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post