ഇരിട്ടി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീണ കീഴ്പ്പള്ളി സ്വദേശിയായ മുൻ പ്രവാസിയായ യുവാവിന് 1,37,700 രൂപ നഷ്ടപ്പെട്ടു.
വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വിദേശത്ത് നല്ല ജോലി വാഗ്ദാനം ചെയ്ത് യുവാവിന്‍റെ വിശ്വാസം ആർജിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. മലപ്പുറത്തുള്ള അനീസ് എന്നയാളാണ് ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടത്.
ജോലിസാധ്യതയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആദ്യം പ്രോസസിംഗ് ഫീസായി 3700 രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തന്‍റെ ഭാര്യയായ സബീനയുടെ അക്കൗണ്ടാണെന്ന് പറഞ്ഞ് ഒരു ഗൂഗിള്‍ പേ നന്പർ നല്‍കി. പ്രോസസിംഗ് ഫീസ് അടച്ചശേഷം യുവാവിനെ ഫോണിലൂടെ ഇന്‍റർവ്യു നടത്തി ജോലി ഉറപ്പാണെന്ന് ധരിപ്പിച്ചു.
തുടർന്ന് നടപടിയെന്ന നിലയില്‍ കോഴിക്കോട് എത്തി മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം രേഖകള്‍ തയാറാക്കണമെന്ന് നിർദേശിച്ചു.
മെഡിക്കല്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റില്‍ എത്തി വീസ സ്റ്റാമ്ബ് ചെയ്തു തരാം എന്നായിരുന്നു വാഗ്ദാനം. വീസയ്ക്കായി ആദ്യം ആവശ്യപ്പെട്ടിരുന്നത് 80000 രൂപ ആയിരുന്നു. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റി തുകയായി 57700 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതു പ്രകാരം തുക രണ്ടു തവണകളായി ഗൂഗിള്‍ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് അറിയുന്നത്. ഉടൻ അനീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നുവെന്ന് പറയുന്നു. യുവാവ് നല്‍കിയ പരാതിയില്‍ ആറളം പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment