ഭിന്നശേഷിക്കാരിയായ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി പാര്‍ക്ക്



തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നിർമിച്ച്‌ നല്‍കുന്ന പാർക്ക് മറ്റു കുട്ടികള്‍ക്കായി തുറന്നു കൊടുത്ത് പ്രവാസിയായ പിതാവ്.
കുറുമാത്തൂരില്‍ ആറാം വാർഡില്‍ താമസിക്കുന്ന കെ.ഷറഫുദീനാണ് ഭിന്നശേഷിക്കാരിയായ മകള്‍ക്ക് കൂട്ടുകാരെ കണ്ടെത്താൻ സ്വന്തം പുരയിടത്തില്‍ ലക്ഷങ്ങള്‍ മുടക്കി മകളുടെ പേരില്‍ പാർക്ക് നിർമിച്ചിരിക്കുന്നത്.

ഒരു പിതാവ് മകള്‍ക്ക് നല്‍കുന്ന പിറന്നാള്‍ സമ്മാനങ്ങളില്‍ ഏറ്റവും വ്യത്യസ്തമായി മാറിയിരിക്കുകയാണ് കുറുമാത്തൂരില്‍ ഒരുങ്ങിയ ശിഫാ പാർക്ക്. ഈ പാർക്കിനു പിന്നിലെ ആശയം അറിയുമ്ബോള്‍ ഏതൊരാളുടെയും കണ്ണുകള്‍ ഈറനണിയും. പ്രവാസിയായിരുന്ന ഷറഫുദീന്‍റെ ഏക മകളാണ് പതിമൂന്നുകാരിയായ ശിഫ ഫാത്തിമ. മകളെ പരിചരിക്കുന്നതിനായാണ് ഷറഫുദ്ദീൻ വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയത്. 

കുറുമാത്തൂർ സൗത്ത് എഎല്‍പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശിഫ. ബുദ്ധിമുട്ടുകള്‍ സഹിച്ച്‌ സ്കൂളില്‍ എത്തിച്ചാലും ഒരു മണിക്കൂറിലേറെ ക്ലാസില്‍ ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ക്ലാസില്‍ പോകുന്നത് കുറയുകയും ശിഫയുടെ ആരോഗ്യസ്ഥിതി തന്നെ മോശമാകുകയും ചെയ്തു. 

ഡോക്ടർമാർ മറ്റു കുട്ടികളുമായി കൂടുതല്‍ ഇടപഴകാൻ അവസരമൊരുക്കണമെന്ന് നിർദേശിച്ചു. ഇതോടെയാണ് വീടിനു സമീപത്ത് തന്നെ പാർക്ക് സ്ഥാപിച്ച്‌ നാട്ടിലെ കുട്ടികളെയെല്ലാം ഇവിടേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്. തുടർന്ന് 15 ലക്ഷത്തോളം രൂപ മുടക്കി വീടിനോട് ചേർന്ന് പാർക്ക് ഒരുക്കി. കുട്ടികള്‍ക്ക് കളിക്കാനുള്ള എല്ലാ സംവിധാനങ്ങളും പാർക്കില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ

ശുചിമുറികളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ശിഫാ ഫാത്തിമയ്ക്ക് പിറന്നാള്‍ സമ്മാനമായി നിർമിച്ച പാർക്കിന്‍റെ ഉദ്ഘാടനം എട്ടിന് രാവിലെ 10ന് ഗിന്നസ് റിക്കാർഡ് ജേതാവ് അസിം വെളിമണ്ണ നിർവഹിക്കും. സജീവ് ജോസഫ് എംഎല്‍എ, സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും കൂടാതെ തളിപ്പറമ്ബ് മേഖലയിലെ ഇരുനൂറോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരും സ്പെഷല്‍ എഡ്യുക്കേറ്റർമാരും പങ്കെടുക്കും. വൈകുന്നേരം അഞ്ചുമുതല്‍ വിവിധ കലാപരിപാടികളും നടക്കും.

Post a Comment

Previous Post Next Post