ഇങ്ങനെയായിരിക്കണം മുതലാളി; സ്വന്തം ജീവനക്കാരന്റെ മയ്യിത്ത് കട്ടില്‍ ചുമക്കുന്ന എം എ യൂസഫലിയുടെ വീഡിയോ വൈറല്‍





മുബൈ: തന്റെ സ്ഥാപനത്തിലെ ജീവനക്കാരോടുള്ള ലുലു ഗ്രൂപ്പ് ഉടമ എം.എ യുസഫലിയുടെ മികച്ച പെരുമാറ്റം വേറിട്ടുനില്‍ക്കുന്നതാണ്.അദ്ദേഹത്തിന്റെ ഉദാരമായ പെരുമാറ്റം പലതവണ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തില്‍ ജീവനക്കാരനായിരിക്കെ മരിച്ച ലുലു ഗ്രൂപ്പ് സൂപ്പര്‍വൈസറുടെ അന്ത്യകര്‍മങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന യൂസുഫലിയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.അബൂദബിയിലെ അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസര്‍ തിരൂര്‍ കന്മനം സ്വദേശി ഷിഹാബുദ്ധീന്റെ അന്ത്യകര്‍മങ്ങളിലാണ് യൂസുഫലി പങ്കെടുത്തത്. മയ്യിത്ത് നിസ്‌കാരത്തിലും തുടര്‍ന്നുള്ള പ്രാര്‍ഥനാ കര്‍മങ്ങളിലും യൂസഫലി പങ്കെടുത്തു. മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതും യൂസുഫലിയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷിഹാബുദ്ധീന്‍ കഴിഞ്ഞദിവസം മരിച്ചത്. മയ്യിത്ത് നിസ്‌കാരത്തിന് ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് അയക്കുന്നത് വരെ യൂസഫലി കൂടെനിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതു വരെയുള്ള ദൃശ്യങ്ങളാണ് യൂസഫലി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

ജീവനക്കാരന് അനുശോചനം അറിയിച്ച്‌ യൂസഫലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം നാലുമില്യണിലധികം പേരാണ് കണ്ടത്. 'ഹൃദയാഘാതം മൂലം മരിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറും തിരുര്‍ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്‌കാരം. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍'- എന്ന അടിക്കുറിപ്പോടെയാണ് യൂസുഫലി വിഡിയോ പങ്കുവച്ചത്.

വിഡിയോ നൂറുകണക്കിന് പേരാണ് ഷെയര്‍ചെയ്തത്. ഭൂരിഭാഗം പേരും ജീവനക്കാരോടുള്ള യൂസുഫലിയുടെ പെരുമാറ്റത്തെ പ്രശംസിക്കുകയാണ്.

Post a Comment

Previous Post Next Post