പതുങ്ങിയത് കുതിക്കാൻ; സ്വര്‍ണവില വീണ്ടും മുന്നോട്ട്, 64,000 രൂപയിലേക്ക്


കൊച്ചി: രണ്ടുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,840 രൂപയിലും ഗ്രാമിന് 7,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 30 രൂപ ഉയർന്ന് 6,580 രൂപയിലെത്തി.

ചൊവ്വാഴ്ച വരെ കുതിപ്പ് തുടർന്ന സ്വർണം രാവിലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ മലക്കംമറിഞ്ഞ് 400 രൂപ താഴ്ന്നിരുന്നു. ബുധനാഴ്ച പവന് 560 രൂപയും കുറഞ്ഞു. ഇതോടെ ചൊവ്വാഴ്ച ഉച്ചയോടെയും ബുധനാഴ്ച രാവിലെയുമായി ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. 65,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇടിവുണ്ടായത്. 

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു. 

ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു. തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഈമാസം 11ന് കുറിച്ച ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്.

ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രണ്ടുദിവസം മുമ്ബ് ഔണ്‍സിന് 2,942 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ട രാജ്യാന്തര സ്വർണവില, ബുധനാഴ്ച 2,887 ഡോളറിലേക്ക് വീണിരുന്നു. ഇന്നു വില 2,917 ഡോളറിലേക്ക് തിരിച്ചുകയറി.

അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

Post a Comment

Previous Post Next Post