450ലധികം ലൈവ് ടിവി ചാനലുകള്‍, കൂടാതെ ഏറെ ഒടിടികള്‍; പുത്തന്‍ സേവനം ആരംഭിച്ച്‌ ബിഎസ്‌എന്‍എൽ



രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച്‌ ബിഎസ്‌എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ആരംഭിച്ചിരിക്കുന്നത്.

വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് BiTV സേവനം ആരംഭിച്ചുകൊണ്ട് ബിഎസ്‌എന്‍എല്ലിന്‍റെ വാഗ്ദാനം. ലൈവ് ടിവി ചാനലുകള്‍ക്ക് പുറമെ ഒടിടി കണ്ടന്‍റുകളും BiTV ഉപയോക്താക്കള്‍ക്ക് ലഭിക്കും.

പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് രാജ്യവ്യാപകമായി BiTV സേവനം ബിഎസ്‌എന്‍എല്‍ ആരംഭിച്ചിരിക്കുന്നത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ചാണ് BiTV സേവനം ബിഎസ്‌എന്‍എല്‍ തുടങ്ങിയത്. ബിഎസ്‌എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ ലളിതമായ ഒരു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ BiTV സേവനം ഒടിടിപ്ലേ ആപ്ലിക്കേഷനില്‍ ലഭിക്കും.

രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എന്‍എല്ലിന്‍റെ ഡയറക്‌ട്-ടു-മൊബൈല്‍ (D2M) സേവനമാണ് BiTV എന്നറിയപ്പെടുന്നത്. സൗജന്യമായി 450+ ടിവി ചാനലുകള്‍ BiTV വഴി ഉപഭോക്താക്കള്‍ക്ക് ബിഎസ്‌എന്‍എല്‍ നല്‍കുന്നു. അധിക ചാര്‍ജുകളൊന്നും ഈടാക്കാതെയാണ് ഇത്രയധികം ടെലിവിഷന്‍ ചാനലുകള്‍ തത്സമയം മൊബൈല്‍ ഫോണുകളില്‍ ബിഎസ്‌എന്‍എല്‍ എത്തിക്കുന്നത് രാജ്യത്തെ ഡിടിഎച്ച്‌, കേബിള്‍ ടിവി മേഖലയ്ക്ക് ചിലപ്പോള്‍ ഭീഷണിയായേക്കും.

Post a Comment

Previous Post Next Post