തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്നു വൈകിട്ട് മൂന്നുമണിക്ക് പാലിയം ശ്മശാനത്തിലാണ് അന്ത്യ കർമ്മങ്ങള്‍ നടക്കുക.
ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്നു രാവിലെ 10മണിക്ക് മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. പൊതുദർശനത്തിന് ശേഷമാകും അന്ത്യകർമ്മങ്ങള്‍.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പൊതുദർശനമുണ്ടാകും. തുടർന്നാണ് ചേന്ദമംഗലത്തേക്കു കൊണ്ടുപോകുന്നത്.
ശ്രീകുമാരൻ തമ്ബിയും ഗോപിയാശാനും മന്ത്രിമാർക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഷ്ട്രീയ, സാമൂഹ്യ സംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓർമകളും പേറുന്ന അനേകം മനുഷ്യരും അവസാനമായി കാണാനെത്തി. നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂറോളം വൈകി ഒരുമണിയോടെയാണ് മൃതദേഹം ഹാളില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്. രഞ്ജി പണിക്കർ അടക്കം പ്രിയപ്പെട്ടവർ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മൃതദേഹം മോർച്ചറിയില്‍നിന്ന് ഇന്നലെ രാവിലെ 9.30നു വീട്ടിലെത്തിക്കുമ്ബോള്‍ ഭാര്യ ലളിത, മക്കളായ ലക്ഷ്മി, ദിനനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ചെന്നൈയില്‍നിന്നു മരുമകള്‍ സുമിതയും പേരക്കുട്ടി നിവേദയുമെത്തി. ജയചന്ദ്രന്റെ സഹോദരൻ കൃഷ്ണകുമാറും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ ഗായകന്റെ വിയോഗത്തില്‍ അനുശോചിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
Post a Comment