നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ധാക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനെ കോടതി വിളിപ്പിച്ചു. ഹൈകോടതി ജഡ്ജാണ് അഭിഭാഷകനെ അടിയന്തരമായി വിളിപ്പിച്ചിരിക്കുന്നത്.
നാടകം കളിക്കരുതെന്നാണ് ബോബി ചെമ്മണ്ണൂരിനോട് കോടതി പറയുന്നത്. ജാമ്യം റദ്ധാക്കുമെന്ന് മുന്നറിയിപ്പും കോടതി നല്‍കുന്നു. ഈ വിഷയത്തില്‍ ഇന്ന് 12-മണിക്ക് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആരും കോടതിക്ക് അതീതരല്ലെന്നും കോടതി.

ലൈംഗികാധിക്ഷേപ കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതല്‍ ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ജയിലില്‍ നിന്നിറങ്ങാതിരുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും ജയില്‍ അധികൃതരെയും അറിയിച്ചതായാണ് സൂചന.

അഭിഭാഷകർ ഇല്ലാതെയും ജാമ്യബോണ്ടിനുള്ള തുക കെട്ടിവെക്കാനാവാതെയും ജയിലില്‍ ദുരിതമനുഭവിക്കുന്ന തടവുകാർക്കും നീതി വേണം. ഇവർ പുറത്തിറങ്ങും വരെ താനും ജയിലില്‍ തുടരുമെന്ന് ബോബി നിലപാടെടുത്തതായാണ് പറയുന്നത്. അതേസമയം, ജയില്‍ ചട്ടപ്രകാരം വൈകീട്ട് ഏഴിന് മുമ്ബ് കോടതി ഉത്തരവ് കൊണ്ടു വന്നാല്‍ മാത്രമെ പ്രതികളെ മോചിപ്പിക്കാറുള്ളുവെന്ന് ജയില്‍ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഈ സമയ പരിധിയില്‍ രേഖകള്‍ ഹാജരാക്കാൻ കഴിയാതിരുന്നതാണ് മോചനം നടക്കാതെ പോയത്. ഗതാഗത കുരുക്ക് കാരണം രേഖകള്‍ കോടതിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറയുന്നത്.

ജില്ല ജയില്‍ പരിസരത്തേക്ക് ചൊവ്വാഴ്ച നൂറുകണക്കിന് ആരാധകർ എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്ലക്കാർഡുകളും പൂക്കളും ബാനറുകളുമായിട്ടാണ് ഇവർ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്ബോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിർദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച്‌ മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാല്‍ പരാമർശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂർ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി. ഹരജിയില്‍ വീണ്ടും നടിയെ അപമാനിച്ചതില്‍ ഹൈകോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നായിരുന്നു ഹരജിയിലെ പരാമർശം. ഇതില്‍ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരൻ കോടതിയില്‍ വ്യക്തമാക്കി.

പൊതുവിടത്തില്‍ സംസാരിക്കുമ്ബോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങള്‍ ഇനി ആവർത്തിക്കില്ലെന്ന് ബോബി ഉറപ്പു നല്‍കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post