വലിയരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, രണ്ടുപേര്‍ അറസ്റ്റില്‍

നടുവില്‍: വലിയരീക്കമലയില്‍ യുവാവിനെ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 

ചപ്പിലിവീട്ടില്‍ അനീഷ് (42) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അനീഷിന്റെ ബന്ധുവും അയല്‍വാസിയുമായ ചപ്പിലി പദ്മനാഭൻ (55), മകൻ ജിനൂപ് (25) എന്നിവരെ കുടിയാന്മല പോലീസ്‌ അറസ്റ്റ്‌ചെയ്തു. 

അനീഷിന്റെ വല്യച്ഛന്റെ മകനാണ് പദ്മനാഭൻ. മരണത്തില്‍ സംശയം ഉണ്ടായതിനെത്തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ശനിയാഴ്ച രാത്രി ഒൻപത്‌ മണിയോടെയാണ് സ്വന്തം വീട്ടില്‍നിന്ന് അനീഷ് ബന്ധുവിന്റെ വീട്ടിലേക്ക്‌ പോയത്‌. പദ്മനാഭന്റെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ ബഹളം ഉണ്ടാക്കുന്നുണ്ടെന്നും അന്വേഷിച്ച്‌ വരട്ടെയെന്നും പറഞ്ഞാണ് പുറത്തിറങ്ങിയത്. 

റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍, ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയില്‍, കുടിയാന്മല ഇൻസ്‌പെക്ടർ ബിജോയ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. 

കണ്ണൂരില്‍നിന്ന് ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി. ചോദ്യം ചെയ്യലില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

കുഞ്ഞിരാമനാണ് കൊല്ലപ്പെട്ട അനീഷിന്റെ അച്ഛൻ. അമ്മ: ജാനകി. ഭാര്യ: ദീപ. മക്കള്‍: അശ്വതി, അർച്ചന. സഹോദരങ്ങള്‍: നിഷ, അനീവ്.

Post a Comment

Previous Post Next Post