വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.
വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
പിന്നീടാണ് ഡൊണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻ പ്രസിഡന്‍റ് ഏബ്രഹാം ലിങ്കണും തന്‍റെ മാതാവും ഉപയോഗിച്ച ബൈബിള്‍ കൈയില്‍ പിടിച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രശസ്ത ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. വാഷിംഗ്ടണ്‍ ഡിസിയിലെ സെന്‍റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയിലെ കുർബാനയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്. പ്രതികൂല കാലാവസ്ഥ മൂലം ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുക.
സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യം പുറത്ത് ഒരുക്കിയിരുന്നു. സത്യപ്രതിജ്ഞക്ക് സാക്ഷികളാകാൻ ലോക നേതാക്കളടക്കം വൻ നിരയാണ് എത്തിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് പങ്കെടുത്തത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്‍റീന പ്രസിഡന്‍റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Post a Comment