ശബരിമല: ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്.
പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു.
പമ്ബയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്‍ എസ്. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂവില്‍ 12-ന് 60,000 പേര്‍ക്ക്, 13-ന് 50,000, 14-ന് 40,000 എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ബുക്കിങ് അനുവദിക്കുക.
മകരസംക്രമദിനത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര, 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്ന് പുറപ്പെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
15 മുതല്‍ 18 വരെ നെയ്യഭിഷേകത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ട്. 14 മുതല്‍ അഞ്ചുദിവസം കളമെഴുത്തുണ്ട്.
14 മുതല്‍ 17 വരെ പതിനെട്ടാംപടി വരരെയും 18-ന് ശരംകുത്തിയിലേക്കും എഴുന്നള്ളത്തുണ്ട്. 19-ന് മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി. 20-ന് ശബരിമല നടയടക്കും. അന്ന് പന്തളം രാജാവിന് മാത്രമേ ദര്‍ശനമുള്ളൂ.12-ന് പമ്ബാസംഗമം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
നടന്‍ ജയറാം മുഖ്യാതിഥിയാകും. 14-ന് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഹരിവരാസനം പുരസ്‌കാരം, സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment