ആലക്കോട് ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി

ആലക്കോട്: ആലക്കോട് ടൗണില്‍ ബസ്‌ സ്റ്റാൻഡിന് സമീപം 12 മുറികളിലായി പഞ്ചായത്ത് നിർമിച്ച മാർക്കറ്റ് കെട്ടിടം പൊളിച്ച്‌ നീക്കി.
വർഷങ്ങള്‍ക്ക് മുമ്ബ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിർമിച്ച കെട്ടിടമാണ് ഇപ്പോള്‍ നീക്കം ചെയ്തത്. ഒരു പദ്ധതിയും കെട്ടിടത്തില്‍ നടപ്പിലാക്കാൻ പഞ്ചായത്തിന് സാധിച്ചിരുന്നില്ല. 

ടാക്സി സ്റ്റാൻഡായാണ് ആദ്യം പഞ്ചായത്ത് ഇവിടെ രൂപകല്പന ചെയ്തിരുന്നത്. എന്നാല്‍, ടൗണില്‍ നിന്ന് ദൂരെയായതിനാല്‍ ഇത് നടപ്പിലായില്ല. പിന്നീട് മത്സ്യ-മാംസ മാർക്കറ്റാക്കാൻ തീരുമാനമായി. രണ്ട് പദ്ധതികള്‍ക്കായി ലക്ഷങ്ങള്‍ ചെലവായെങ്കിലും ഒന്നും യാഥാർഥ്യമായില്ല. റോഡ് കൈയേറി പഞ്ചായത്ത് തന്നെ കെട്ടിടം നിർമിച്ചതും കെട്ടിടത്തിന്‍റെ മുകളിലൂടെ ഹൈടെൻഷൻ വൈദ്യുത ലൈൻ കടന്നു പോകുന്നതും നിയമകുരുക്കില്‍പെടുന്നതിന് കാരണമായി. രയരോം പുഴയില്‍ ഒഴുക്കിയ കീടനാശിനികള്‍ പത്തു വർഷത്തിലധികം സൂക്ഷിച്ചതും ഈ കെട്ടിടത്തില്‍ ആയിരുന്നു.

ഇത് ആലക്കോട് ടൗണില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഈ കെട്ടിടത്തിന് സമീപപ്രദേശം കാട്കയറി മൂടിയത് പാമ്ബുകളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നതിനും കാരണമായി. നിരന്തരമായുള്ള വാർത്തയുടെയും പ്രതിഷേധങ്ങളുടേയും ഒടുവിലാണ് ഇപ്പോള്‍ പൊളിച്ച്‌ മാറ്റാൻ തീരുമാനം ആയത്. 

ഒരു പദ്ധതിക്കും ഉപകരിക്കാത്ത നിലയില്‍ കെട്ടിടം നിർമ്മിച്ച്‌ പൊളിച്ച്‌ നീക്കിയതിലൂടെയും കെട്ടിടത്തില്‍ കുഴല്‍ കിണർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തിയ വകയിലും ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിട്ടുള്ളത്. കെട്ടിടം പൊളിച്ച്‌ മാറ്റിയ സ്ഥലം ടാറിംഗ് നടത്തി പഞ്ചായത്തിന്‍റെ പാർക്കിംഗ് സ്ഥലമാക്കി മാറ്റാനാണ് നിലവിലെ തീരുമാനം.

Post a Comment

Previous Post Next Post