കൊച്ചി: സെന്റ് തെരേസാസ് കോളജ് മുൻ ചെയർപേഴ്സണും, ഷാഫി സംവിധാനം ചെയ്ത 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ ബാലതാരവുമായ നികിത നയ്യാറുടെ (21) കണ്ണുകള്‍ ഇനി രണ്ടുപേർക്ക് വെളിച്ചമേകും.
വില്‍സണ്‍സ് ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഞയാറാഴ്ച അന്ത്യം സംഭവിച്ചത്.
'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ശരീരത്തിലെ പ്രവർത്തനക്ഷമമായ അവയവങ്ങളെല്ലാം ദാനം ചെയ്യണം', എന്ന് ചികിത്സയ്ക്കിടെ നികിത ഡോക്ടർമാരോട് പറഞ്ഞിരുന്നു.
നികിത വിധിക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും, അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകള്‍ ഇനി രണ്ടുപേർക്ക് കാഴ്ച നല്‍കുകയും അവരിലൂടെ ജീവിക്കുകയും ചെയ്യും.
രോഗം ബാധിച്ച ശേഷം രണ്ടുതവണ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നികിത വിധേയയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്ബോഴാണ് നികിതയുടെ ജീവൻ നഷ്ടപ്പെടുന്നത്. ചികിത്സയുടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തീവ്രമായി ശ്രമിച്ചെങ്കിലും വിധി നികിതയെ കവർന്നെടുത്തു.
ഡോണി തോമസ് (യുഎസ്‌എ) - നമിതാ മാധവൻകുട്ടി (കപ്പാ ടിവി) ദമ്ബതികളുടെ മകളാണ്. പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. കൊല്ലം കരുനാഗപ്പള്ളിയാണ് നികിതയുടെ സ്വദേശം. സംസ്കാരം കൊച്ചിയില്‍ നടക്കും. നികിതയുടെ അകാല വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
Post a Comment