ബംഗളൂരു: സിനിമയില്‍ കണ്ടതുപോലെയുള്ള ബാങ്ക് കൊള്ളയായിരുന്നു കൊട്ടേക്കാറിലെ സഹകരണ ബാങ്കില്‍ വെള്ളിയാഴ്ച നടന്നത്.
ഉച്ചയോടെ അഞ്ച് ജീവനക്കാർ മാത്രമുള്ള ബാങ്കിലേക്ക് ആറ് മുഖംമൂടി ധാരികള്‍ തോക്കും കത്തിയുമായി വന്ന് 'ഹാൻഡ്സ് അപ്പ്' പറയുന്നു. എല്ലാവരും പകച്ചുപോയ നിമിഷത്തില്‍ കവർച്ചക്കാരിലൊരാള്‍ തോക്ക് ചൂണ്ടി ഒരു ജീവനക്കാരനോട് ലോക്കർ തുറക്കാൻ പറയുന്നു... നെറ്റിയില്‍ പിസ്റ്റള്‍ കുഴലിന്റെ തണുപ്പറിഞ്ഞ അയാള്‍ ജീവഭയത്താല്‍ ലോക്കർ തുറക്കുന്നു. അതില്‍നിന്ന് 12 കോടിയോളം രൂപയും സ്വർണവുമായി ഈ ആറംഗസംഘം കാറില്‍ രക്ഷപ്പെടുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ പരിപാടികളില്‍ പങ്കെടുക്കാൻ മംഗളൂരുവില്‍ ഉള്ളപ്പോളാണ് ഈ കവർച്ച നടക്കുന്നത്. പോലീസ് സന്നാഹം മൊത്തം മുഖ്യമന്ത്രിക്ക് പിറകെയായിരിക്കുമെന്ന് കവർച്ചസംഘം മനസ്സിലാക്കിയിട്ടുണ്ടാകാം.
മാത്രമല്ല ബാങ്കിലെ സി.സി.ടി.വി. അറ്റകുറ്റപ്പണിക്കായി അഴിച്ചുവെച്ച സമയത്താണ് കവർച്ച നടന്നതും. ബാങ്കുമായി നല്ല ബന്ധമുള്ളമുള്ളവരാണ് കവർച്ചയ്ക്കുപിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ ആദ്യ വിലയിരുത്തല്‍. കാറില്‍ വന്ന്, അതും പട്ടാപ്പകല്‍ കവർച്ച നടത്തി അതേ കാറില്‍ത്തന്നെ തിരിച്ചുപോകുകയാണുണ്ടായത്. സംഘം കാറില്‍ തലപ്പാടി ഭാഗത്തേക്ക് പോയെന്നാണ് ഉള്ളാള്‍ പോലീസ് കണ്ടെത്തിയത്. അത് കേരളത്തിലേക്ക് ആകാമെന്ന നിലപാടിലാണ് അന്വേഷണസംഘം. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിനായി മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗാർവാളിന്റെ നേതൃത്വത്തില്‍ പല ഗ്രൂപ്പുകളായുള്ള പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി സ്ഥലത്തുള്ളപ്പോള്‍ നടന്ന ഈ വൻ കവർച്ച ഗുരുതര സുരക്ഷാവീഴ്ചയായാണ് വിലയിരുത്തുന്നത്. സിദ്ധരാമയ്യ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി.
കവർച്ചക്കാർ ഉപയോഗിച്ച കാറിന്റെ ദൃശ്യവും അവർ പോയ വഴിയും മനസ്സിലാക്കിയതോടെ ഉടനെ ബാങ്ക് കൊള്ളക്കാരെ വലയിലാക്കാൻ പറ്റുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Post a Comment