ആലക്കോട്: ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ പോകുന്നതിനിടെ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉദയഗിരി ശാന്തിപു രത്തെ കൊപ്പുഴയിൽ അബ്‌ദുൾ കരീമിനാണ് (63) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് സംഭവം. സുഖമില്ലാതിരുന്ന ഭാര്യ ജാസ്‌മിനെയും കൊണ്ട് കരുവൻചാലിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു അബ്‌ദുൾ കരീം. വീട്ടിൽ നിന്ന് ബസ്സ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെ ശാന്തി പുരം- വലിയ തുമരക്കാട് റോഡിലെ കൃഷിയിടത്തിലെ നടപ്പ് വഴിയിൽ വച്ച് കാട്ടുപന്നി ഇവരെ ആക്രമിക്കുകയായിരുന്നു. അബ്‌ദുൾകരീമിന് ദേഹ മാസകലം പരിക്കേറ്റു. ജാസ്‌മിൻ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇരുവരും ചേർന്ന് കാട്ടുപന്നിയെ പ്രതിരോധിച്ചതിനാലാണ് വലിയ അപകടമൊഴിവായത്. പരിക്കേറ്റ അബ്ദുൾകരീം ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അംഗീകൃത ഷൂട്ടർമാർ സ്ഥലത്തെത്തി. തുടർന്ന് വേട്ടനായക്കൊപ്പം നടത്തിയ തിരച്ചിലിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. രയരോം സ്വദേശികളായ തെക്കേക്കണ്ടത്തിൽ ഷാജു, തെക്കേക്കണ്ടത്തിൽ ജിമ്മി, ജോർജ് സെബാസ്റ്റ്യൻ, കുളത്താനി ജോസ് എന്നിവർ അടങ്ങിയ സംഘമാണ് കാട്ടുപന്നിയെ വെടിവച്ച് കൊന്നത്. സമീപകാലത്തായി മലയോരത്ത് കാട്ടുപന്നി ആക്രമണം പെരുകിയിരിക്കുകയാണ്. നിരവധി കർഷകരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കാർഷിക വിളകൾക്ക് കൂട്ടനാശമാണ് വിതച്ചു കൊണ്ടിരിക്കുന്നത്. കാട്ടുപന്നി ആക്രമണം ഭയന്ന് കൃഷിയിടങ്ങളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.

Post a Comment