ആലക്കോട് : തലമുറകളായി പകർന്നുകിട്ടിയ കാർഷിക പാരമ്പര്യത്തിന്റെ പിന്തുടർച്ചയായി ആലക്കോട് സ്വദേശി തുണ്ടത്തിൽ പരമേശ്വരൻ നായർ 75-ാം വയസ്സിലും എട്ട് കൃഷിയിടങ്ങളിലാണ് വൈവിധ്യമാർന്ന കൃഷി നടത്തുന്നത്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇല്ലാത്ത വിളകൾ കുറവാണ്. ആലക്കോട് ബസ് സ്റ്റാൻഡിന് സമീപത്ത് ചെറിയ തുണ്ടുഭൂമികളിലാണ് ഇദ്ദേഹത്തിന്റെ എട്ട് കൃഷിസ്ഥലങ്ങളും. എല്ലാം താത്‌കാലികമായി കൃഷിക്ക് അനുവദിച്ചുകിട്ടിയ ഭൂമി. പതിനാലാം വയസ്സുമുതൽ കൃഷി തുടങ്ങിയതാണ് ഇദ്ദേഹം. ഓണക്കാലത്ത് ചേനപറിച്ച് വിളവെടുത്തപ്പോൾ അവിടെ കൂർക്കയും മറ്റ് ഹ്രസ്വകാലവിളകളും നട്ടുപിടിപ്പിച്ചു. ഒരിടത്ത് ഇടവിളക്കൃഷി തക്കാളിയാണ്. മറ്റൊരിടത്ത് മഞ്ഞൾ ഇനങ്ങൾ. കപ്പ, കാച്ചിൽ, ചെമ്പ്, ചേന, ഇഞ്ചി, നനക്കിഴങ്ങ്, ചെറുകിഴങ്ങ്, മുള്ളൻകിഴങ്ങ്, പച്ചമുളക്, ചീര, കൂർക്ക തുടങ്ങിയവയിൽനിന്ന് നല്ല വിളവ് ലഭിക്കുന്നു. രണ്ടുമൂന്ന് ഇനങ്ങൾ ഒരേ സമയത്ത് കൃഷി ചെയ്യുന്നുമുണ്ട്. 12 മാസവും കൃഷിയും വിളവെടുപ്പുമാണ്. കൃഷിയിടത്തിൽനിന്നുതന്നെ വിൽപ്പനയും നടത്തുന്നു. 22 വർഷമായി ആലക്കോട് അരങ്ങത്ത് ഭാര്യ ശാന്തകുമാരി, മക്കളായ സുനിൽകുമാർ, സുജിത, മരുമക്കളായ ശ്രുതി, സന്തോഷ് എന്നിവർക്കും അഞ്ചുപേരക്കിടാങ്ങൾക്കുമൊപ്പമാണ്. താമസം. സംയോജിതകൃഷിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം രണ്ടുതവണ കിട്ടി. ആലക്കോട് കൃഷിഭവൻ, പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകൾ സ്ഥാപനങ്ങളെല്ലാം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പന്നിയൂരിലെ കൃഷിവിജ്ഞനകേന്ദ്രവും വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ഡോ. സ്വാമിനാഥൻ ഫൗണ്ടഷൻ പ്രവർത്തകർ ആലക്കോട്ടെത്തി കൃഷികൾ കണ്ടുമനസ്സിലാക്കി അഭിനന്ദിക്കുകയും വയനാട്ടിലേക്ക് ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. ആലക്കോട് പൈതൽവാലി ലയൺസ് ക്ലബ് വാർഷിക സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. ചെറുകിട കർഷകരുൾപ്പെടെ ധാരാളം പേർ പരമേശ്വരൻ നായരുടെ കൃഷിരീതികൾ കണ്ടുപഠിക്കാൻ ഇവിടെ എന്തുന്നുണ്ട്.
Post a Comment