ഇന്ത്യൻ യൂട്യൂബർമാരില്‍ സബ്സ്ക്രൈബർമാരുടെ എണ്ണത്തില്‍ മുൻനിരയില്‍ തന്നെയുള്ള യൂട്യൂബറാണ് മലയാളിയായ കെഎല്‍ ബ്രോ ബിജു റിത്വിക്.
ഫുട്‍ബോളർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള വമ്ബന്മാരെ ഇതിനകം ഇവർ മറികടന്ന് കഴിഞ്ഞു. 2024-ലെ യൂട്യൂബ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ തന്നെ മുൻനിര യൂട്യൂബർമാരില്‍ നാലാം സ്ഥാനത്താണ് ഇവരുള്ളത്. യൂട്യൂബിന്റെ ഗ്ലോബല്‍ കള്‍ച്ചർ ആൻഡ് ട്രെൻഡ് റിപ്പോർട്ട് ഇന്ത്യ 2024-ലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഈ വർഷം പല യൂട്യൂബർമാരും പുതുമയുള്ള കണ്ടന്റുകള്‍ കൊണ്ടുവന്നത് വഴി സബ്സ്ക്രൈബേഴ്സിനെ നേടിയെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്‌സുള്ളത് മിസ്റ്റർബീസ്റ്റ് എന്ന ചാനലിനാണ്. മിസ്റ്റർ ബീസ്റ്റിന് ഇന്ത്യയിലും ധാരാളം സബ്സ്ക്രൈബേർസ് ഉണ്ട്.
ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ള ആളുകളും കാണാൻ താല്‍പര്യപ്പെടുന്ന തരത്തിലുള്ള കണ്ടന്റുകളാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിന്റേത്. അതിനാല്‍ ആണ് രാജ്യമൊട്ടാകെ ഈ ചാനല്‍ സ്വീകരിക്കപ്പെട്ടതും, 6 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെ നേടാൻ കഴിഞ്ഞതെന്നും റിപ്പോർട്ടില്‍ പറയുന്നു. നിലവില്‍ 6.21 കോടി സബ്സ്ക്രൈബേർസ് ആണ് ഈ ചാനലിന് ഉള്ളത്.
കണ്ണൂർ സ്വദേശിയായ ബിജുവും കുടുംബവുമാണ് കെഎല്‍ ബ്രോ ബിജു റിത്വിക്ക് എന്ന ചാനലിന്റെ നടത്തിപ്പുകാർ. യൂട്യൂബ് ചാനലിന് അവർ നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ ആണ്: "കണ്ണൂർക്കാരനും, കന്നടക്കാരിയും, അമ്മയും, അനുമോളും, അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനല്‍" എന്ന്.
മിസ്റ്റർ ബീസ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേർസ് ഉള്ള ചാനല്‍ ഫില്‍മി സൂരജ് ആക്ടർ ആണ്. തൊട്ട് പുറകില്‍ തന്നെ സുജല്‍ തക്രല്‍, കെ എല്‍ ബ്രോ ബിജു റിത്വിക്, യുആർ ക്രിസ്റ്റ്യാനോ റൊണാഡോ എന്നിവരുമുണ്ട്. ഇവരാണ് ഇന്ത്യയിലെ ഏറ്റവും ടോപ്പ് ക്രിയേറ്റർമാർ. 2024-ല്‍ മാത്രം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ ചാനലുകളുടെ അടിസ്ഥാനത്തിലാണ് ടോപ്പ് ക്രീറ്റഴ്സിനെ തരംതിരിച്ചിട്ടുള്ളത്. അതുപോലെ, ആർട്ടിസ്റ്റ്, ബ്രാൻഡ്, മീഡിയ കമ്ബനി, കുട്ടികളുടെ ചാനല്‍ എന്നിവയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫുട്‍ബോളർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വർഷമാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ചാനല്‍ ആരംഭിച്ച 24 മണിക്കൂറിനുള്ളില്‍ തന്നെ 1.9 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി. ഇതില്‍ ഭൂരിഭാഗം സബ്സ്ക്രൈബേഴ്സും ഇന്ത്യയില്‍ നിന്നുള്ളതാണ്.
അതേസമയം, ഈ വർഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ മോയെ മോയെ എന്ന ടൈറ്റിലില്‍ വന്ന വീഡിയോ ആണ്. ഇന്ത്യയില്‍ നിന്നും 4.5 ബില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. കൂടാതെ, ദില്‍ജിത്ത്, ദോസഞ്ജ്, ദില്‍ജിത്ത് ദോസഞ്ജ് എന്നീ കീവേർഡുള്ള വിഡിയോകള്‍ 3.9 ബില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ നേടി. 'ഗുലാബി സാദി' എന്ന മറാത്തി ഗാനം രാജ്യാന്തര തലത്തില്‍ 3 മില്യണില്‍ അധികം ഷോർട്സില്‍ ഉപയോഗിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
ഐസിസി പുരുഷ ടി20 ലോകകപ്പ്, ഐപിഎല്‍ 2024, മോയെ മോയെ, ലോക്സഭാ തിരഞ്ഞെടുപ്പ്, രത്തൻ ടാറ്റ, അനന്ദ് അംബാനി കല്യാണം, കല്‍ക്കി 2829 എഡി, ദില്‍ജിത്ത്, ദോസഞ്ജ്, പാരീസ് ഒളിംപിക്സ് തുടങ്ങിയവ ആയിരുന്നു ഇന്ത്യയിലെ ഈ വർഷത്തെ ട്രെൻഡിങ് ടോപ്പിക്കുകള്‍ എന്നും റിപ്പോർട്ടില്‍ പറയുന്നു.
Post a Comment