തൊടുപുഴ അരുവിക്കുത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു



തൊടുപുഴ: മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാർഥികള്‍ മുങ്ങി മരിച്ചു. മുട്ടം എൻജിനിയറിംഗ് കോളജ് വിദ്യാർഥികളായ ഇടുക്കി മുരിക്കാശേരി തേക്കിൻതണ്ട് കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സുഹൃത്ത് കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സ റെജി (18) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ഏഴോടെ ഡോണലിന്‍റെയും പിന്നീട് അഗ്നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലില്‍ അക്സയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഡോണല്‍ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും അക്സ ഒന്നാംവർഷ വിദ്യാർഥിനിയുമാണ്. 


ഡോണലിന്‍റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്സയുടേത് 50 മീറ്റർ മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു. ഇന്നലെ കോളജ് അവധിയായിരുന്നു. വീട്ടില്‍ പോകുകയാണെന്നാണ് ഇരുവരും സഹപാഠികളോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. 


വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ച്‌ പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. മൃതദേഹങ്ങള്‍ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post