ആറ് ലക്ഷം നഷ്ടമല്ലെന്ന് മുതലാളി; യാത്രക്കാര്‍ക്ക് അധികചാര്‍ജില്ലാതെ എ.സിയാത്രയുമായി ശ്രീകൃഷ്ണ ബസ്‌

 


കാസർകോട്: കത്തുന്ന വെയിലില്‍ വിയർത്തൊലിച്ച്‌ യാത്രചെയ്യുന്നവരേ, ചൂടാവേണ്ട ഇനി കൂളായി യാത്രചെയ്യാം. ചൂടിനെ മറക്കാം, ശീതീകരിച്ച ബസില്‍ ശരീരവും മനസ്സും തണുക്കുന്ന യാത്ര ആസ്വദിക്കാം.

കാസർകോട്-ബന്തടുക്ക-മാനടുക്കം റൂട്ടിലാണ് ഹൈബ്രിഡ് എ.സി. ബസായി ശ്രീകൃഷ്ണ എന്ന ബസ് ഓടുന്നത്. ടൂറിസ്റ്റ് ബസുകളില്‍ ഹൈബ്രിഡ് എ.സി. ഉണ്ടെങ്കിലും ലോക്കല്‍ ലൈനില്‍ സർവീസ് നടത്തുന്ന ബസില്‍ ആദ്യമായാണ് ഇങ്ങനെയൊരു ആശയം നടപ്പാക്കുന്നത്.


കുവൈത്തില്‍ ഡ്രൈവറായ ശ്രീജിത്ത് പുല്ലായിക്കൊടിയുടെ നിരന്തരമായ അന്വേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമായാണ് ഈ ആശയം നടപ്പാവുന്നത്. പ്രവാസിയായ ശ്രീജിത്ത് അവധിക്ക് നാട്ടിലെത്തി സ്വന്തം ബസിന്റെ ഡ്രൈവറായി പോയപ്പോള്‍ താൻ അനുഭവിച്ച ബുദ്ധിമുട്ട് എത്രയെന്നു മനസ്സിലാക്കി. ഡ്രൈവിങ് സീറ്റിന് മുകളിലായി ഫാൻ ഉണ്ടായിട്ടും ചൂട് അസഹനീയമെന്നു തിരിച്ചറിഞ്ഞ് തനിക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഫാനില്ലാതെ യാത്രചെയ്യേണ്ടിവരുന്ന യാത്രക്കാരുടെ വിഷമം എത്രയാകുമെന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചതെന്നു ശ്രീജിത്ത് പറയുന്നു.


രാവിലെ 6.15-ന് കാസർകോട്ടുനിന്ന് ചെർക്കള പൊയിനാച്ചി വഴി ബന്തടുക്കയിലേക്കും മാനടുക്കത്തേക്കും സർവീസ് തുടത്തുന്ന ബസിന് ഒരുദിവസം നാല് ട്രിപ്പുകളാണുണ്ടാവുക. വൈകീട്ട് 4.20-ന് അവസാന ട്രിപ്പ് മാനടക്കത്തുനിന്ന് കാസർകോട്ടേക്കാണ്.


ഇതിനിടെ രാവിലെയും വൈകീട്ടും ലോക്കല്‍ ബസ് സർവീസ് ഇല്ലാത്ത ബന്തടുക്ക-മാനടുക്കം റൂട്ടില്‍ സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക സർവീസും നടത്തുന്നുണ്ട്. ആറ് ലക്ഷം രൂപയാണ് ബസ് ശീതീകരിക്കാൻ ചെലവാക്കിയത്. സ്വകാര്യ ബാങ്കില്‍നിന്ന് കടമെടുത്താണ് എ.സി. ഘടിപ്പിച്ചിരിക്കുന്നത്.


നന്നായി ഓട്ടംകിട്ടിയാല്‍ ഒരുവർഷംകൊണ്ടുതന്നെ ഇത് തിരിച്ചടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീജിത്ത്.. എ.സി. ഉപയോഗിക്കുന്നതുകൊണ്ട് ബസിന്റെ മൈലേജിന് കുറവോ പരിസ്ഥിതിക്ക് കോട്ടമോ ഉണ്ടാവില്ല. പൂർണമായും പരിസ്ഥിതി സൗഹൃദമായ എ.സി.യാണ് ബസില്‍ സ്ഥാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post