കണ്ണൂർ: പന്നേൻപാറയില്‍ ട്രെയിൻ കടന്നുപോകവേ റെയില്‍വേ ട്രാക്കില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് ഇത് രണ്ടാം ജന്മമാണ്.
റെയില്‍വേ ട്രാക്കില്‍ ഒരാള്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതിവേഗത്തില്‍ പോകുന്ന ട്രെയിനിനടിയില്‍ എങ്ങനെ അകപ്പെട്ടു പോയെന്നാണ് കണ്ടവരെല്ലാം ചിന്തിച്ചത്. സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും പവിത്രനുണ്ട്.
ഫോണില്‍ സംസാരിച്ച് നടന്നപ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നു, രക്ഷപെടാനായി ട്രാക്കില്‍ കിടന്നതാണ്, മദ്യപിച്ചിട്ടല്ല ട്രാക്കിലൂടെ നടന്നത്, പവിത്രൻ പറഞ്ഞു. സ്കൂള്‍ ബസിലെ ക്ളീനറായി ജോലി ചെയ്യുന്ന പവിത്രൻ തിരികെ വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ട്രെയിനിന്റെ മുന്നില്‍ പെടുന്നത്. എല്ലാ ദിവസവും താൻ ഇതേ വഴിയിലൂടെയാണ് നടന്നുപോകാറുള്ളതെന്നും
ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പവിത്രൻ പറഞ്ഞു.
ട്രെയിൻ വരുന്നത് ശ്രദ്ധയില്‍പ്പെടുത്താൻ ശ്രമിച്ചെങ്കിലും പവിത്രൻ അറിഞ്ഞില്ലെന്ന് ദൃശ്യങ്ങള്‍ പകർത്തിയ ശ്രീജിത്ത് പറഞ്ഞു. ട്രെയിനിന്റെ ഹോണ്‍ കേട്ടപ്പോഴാണ് പാളത്തിലൂടെ നടക്കുകയായിരുന്ന പവിത്രൻ മൊബൈല്‍ ഫോണ്‍ താഴെ വെച്ച് കമിഴ്ന്നു കിടന്നത്. 4 ബോഗികള്‍ കടന്നു പോയതിന് ശേഷമാണ് താൻ ദൃശ്യങ്ങള്‍ പകർത്തിയതെന്നും ട്രെയിൻ പോയതിന് ശേഷം പവിത്രൻ നടന്നു പോവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

Post a Comment