തമിഴ്നാട് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം; വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ നിര്‍മിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും


കന്യാകുമാരി: ത്രിവേണി സംഗമ തീരത്ത് വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും.
വൈകിട്ട് 5.30-ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. 37 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് നിർമിച്ച കണ്ണാടിപ്പാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. കണ്ണാടിപ്പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയില്‍ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. 

പാലത്തിന്റെ മധ്യത്തില്‍ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച്‌ തൂക്കുപാലത്തിന്റെ മാതൃകയിലാണ് പാലം നിർമിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തെയും ശക്തമായ കടല്‍ക്കാറ്റിനേയും പ്രതിരോധിക്കുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്. 

ബോട്ടുജെട്ടിക്ക് സമീപം ശില്‍പി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും ഇന്ന് നടക്കും. തുടർന്ന് കണ്ണാടിപ്പാലത്തില്‍ ലേസർ ഷോയും നടക്കും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. 

നാളെ രാവിലെ 9ന് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും.

Post a Comment

Previous Post Next Post