ആലക്കോട് : നിർമാണം നടക്കുന്ന കരുവൻചാൽ പാലത്തിലൂടെ താത്‌കാലിക വാഹനഗതാഗതത്തിന് അനുബന്ധ റോഡിൽ മണ്ണിട്ട് ഉറപ്പിക്കുന്നു. ക്രിസ്മസ് ആഘോഷം, ആലക്കോട് സെയ്ൻറ് മേരീസ് ഫൊറോന പള്ളിയിലെ അമലോത്ഭവ തിരുനാൾ, അരങ്ങം മഹാദേവ ക്ഷേത്രോത്സവം തുടങ്ങിയ ചടങ്ങുകൾക്ക് സൗകര്യമൊരുക്കാനാണ് താത്കാലിക സംവിധാനമൊരുക്കുന്നത്.
ആഘോഷവേളയിൽ വിദൂരത്തുനിന്ന് ഉൾപ്പെടെ വലിയ വാഹനങ്ങളെത്തും. നിലവിലെ പാലത്തിൽ സാധാരണ സമയങ്ങളിൽ പോലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആഘോഷസമയത്ത് ഇത് അനിയന്ത്രിതമാകും. വ്യാപാരമേഖല സ്തംഭിക്കുന്നതിനും ഇതിടയാക്കും.
പ്രതിസന്ധിക്ക് താത്‌കാലിക പരിഹാരമുണ്ടാക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യാപാരി- വ്യവസായി ഏകോപനസമിതിയും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പാലം നിർമാണക്കരാറുകാരും ഉദ്യേഗസ്ഥരും കരുവൻചാൽ വികസനസമിതി പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്ത് താത്കാലിക പരിഹാരത്തിന് നടപടി സ്വീകരിക്കുകയായിരുന്നു. ഇരുഭാഗത്തും മണ്ണിട്ട് ഉറപ്പിക്കുകയും താത്കാലികമായി പുതിയ പാലത്തിലൂടെ ഗതാഗതത്തിന് അനുമതി നൽകുകയും പിന്നീട് അനുബന്ധ റോഡ് പണിത് ഔദ്യോഗിക ഉദ്ഘാടനം നടത്തുകയും ചെയ്യാമെന്ന ധാരണയിലെത്തി.
വികസനസമിതി പ്രവർത്തകരായ ജെയിംസ് പുത്തൻപുര, പി.എസ്. അബ്ദുൾ മജീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ജെ. ടോമി, സി.പി.എം. നേതാവ് ടി.ജി. വിക്രമൻ, വി.വി. അബ്ദുളള എന്നിവർ പങ്കെടുത്തു.

Post a Comment