ഷാരോണിന് ഗ്രീഷ്മ നല്‍കിയത് പാരക്വിറ്റ് കളനാശിനി; മേടിച്ചു നല്‍കിയത് അമ്മാവൻ; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വിട്ട് അന്വേഷണ സംഘം


നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സ്വദേശി ഷാരോണ്‍ രാജിനെ കാമുകിയായ ഗ്രീഷ്മ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കല്‍ സംഘം .
കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്ടർമാരുടെ സംഘം കോടതിയില്‍ മൊഴി നല്‍കിയത്. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നല്‍കിയത്. ഗ്രീഷ്മ നല്‍കിയ വിഷത്തെ സംബന്ധിച്ച്‌ മുമ്ബ് വ്യക്തത ഇല്ലായിരുന്നു.

അതെ സമയം വിഷം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്‌ ഗ്രീഷ്മ ഷാരോണിന് നല്‍കാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റില്‍ തിരഞ്ഞതിന്റെ തെളിവുകളും പുറത്ത് വന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് ഇന്റർനെറ്റില്‍ തിരഞ്ഞാണ് ഗ്രീഷ്മ മനസിലാക്കിയത് . ഇതിന്റെ ഡിജിറ്റല്‍ തെളിവ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി

ഷാരോണിന് വിഷം കലർത്തി നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ചും നടത്തിയിരുന്നു. പാരസെറ്റമോള്‍ ഗുളികകള്‍ കലർത്തിയ പഴച്ചാർ ആയിരിന്നു അപ്പോള്‍ ഷാരോണിന് നല്‍കിയത് . ഇത് നല്‍കുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം പാരസെറ്റമോള്‍ എത്ര അളവില്‍ നല്‍കിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് മനസ്സിലാക്കിയിരുന്നതായി പ്രോസിക്യൂഷൻ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കി

ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഷാരോണുമായി ബന്ധത്തില്‍ ഇരിക്കെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ കല്യാണാലോചന വന്നു. ഇതിനെ തുടർന്ന് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ താലികെട്ടിയശേഷം ഇവർ ഒരുമിച്ച്‌ തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. ഹോട്ടല്‍ മാനേജർ കോടതിയിലെത്തി ഗ്രീഷ്മയെ തിരിച്ചറിഞ്ഞിരിന്നു.

അതേസമയം ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമല്‍ കുമാറാണെന്നും വ്യക്തമായിരുന്നു. .ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമല്‍കുമാർ മൂന്നും പ്രതികളാണ്.

Post a Comment

Previous Post Next Post