വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ജാഗ്രതൈ! എഐ ക്യാമറകള്‍ വീണ്ടും പണിതുടങ്ങി; നിയമം ലംഘിച്ചാല്‍ കീശകീറും


തിരുവനന്തപുരം: കെല്‍ട്രോണിനു നല്‍കാനുള്ള കുടിശിക സംസ്ഥാന സർക്കാർ കൊടുത്തുതീർത്തതോടെ നിരത്തുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകള്‍ വീണ്ടും പണിതുടങ്ങി.
നിയമം ലംഘിച്ച്‌ വാഹനമോടിക്കുന്നവർക്ക് പിഴചുമത്തിയുള്ള സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇടക്കാലത്ത് സാങ്കേതികപ്രശ്‌നങ്ങളെയും സാമ്ബത്തിക പ്രശ്നങ്ങളെയും തുടർന്ന് കെല്‍ട്രോണ്‍ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണമായും നടത്തിയിരുന്നില്ല.

സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത് മുതല്‍ മഞ്ഞവര തെറ്റിക്കുന്നവർക്കുവരെയാണ് വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനില്‍ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു. പോങ്ങുംമൂട് സ്വദേശിയായ സന്തോഷ് എന്നയാള്‍ക്ക് കഴിഞ്ഞദിവസം പട്ടം ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ചതിന് രണ്ടുതവണയാണ് മൂവായിരം രൂപ വീതം പിഴ വന്നത്‌. അടുത്തദിവസം വര മുറിച്ചുകടന്നതിന് ഇതേയാള്‍ക്കു വീണ്ടും മൂവായിരം രൂപ പിഴയിട്ടു.

കഴിഞ്ഞയാഴ്ച്ച മുതല്‍ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ മൊബൈല്‍ഫോണില്‍ വന്നുതുടങ്ങിയപ്പോഴാണ് വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കില്‍ കയറി ചെലാൻ നമ്ബർ ടൈപ്പ് ചെയ്താല്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം. ഏഴുദിവസത്തിനകം അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വല്‍ കോടതിയിലേക്കു കൈമാറുന്നത്. അതേസമയം അറിയിപ്പുകള്‍ വൈകി വരുന്നതിനാല്‍ പലർക്കും പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളുണ്ട്. എസ്.എം.എസ്. ലഭിച്ചശേഷം പിഴയടയ്‌ക്കാൻ നോക്കുമ്ബോഴാണ് പലരും ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞുവെന്ന് അറിയുന്നത്. നഗരത്തിലെ പല പ്രധാന കവലകളിലും സിഗ്നല്‍ സംവിധാനം മുൻ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. സ്മാർട്ട്‌സിറ്റി റോഡുപണിയുടെ ഭാഗമായി പലയിടത്തും വണ്‍വേ സംവിധാനം ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകള്‍ മായ്ഞ്ഞുപോവുകയും ചെയ്തു.

ക്യാമറകള്‍ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഏറിയിരുന്നു. ക്യാമറകള്‍ പകർത്തുന്നില്ലെന്ന ധൈര്യത്തിലായിരുന്നു പലരും. കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകള്‍ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങള്‍ കണ്ടെത്താനും തുടങ്ങിയത്. അതേസമയം, റോഡിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ക്യാമറകള്‍ പ്രവർത്തിപ്പിച്ച്‌ അനാവശ്യ പിഴകള്‍ക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

Post a Comment

Previous Post Next Post