രാത്രി കണ്ണൂരിലെത്തിയാല്‍ 'ലേഡീസ്' ഇനി നെട്ടോട്ടമോടേണ്ട ; കാത്തിരിപ്പിനൊടുവില്‍ 'ഷീ ലോഡ്ജ്' തുറക്കുന്നു

കണ്ണൂർ : ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വനിതകള്‍ക്ക് താമസിക്കാൻ കോർപ്പറേഷൻ നിർമ്മിച്ച ഷീ ലോഡ്ജ് ഒടുവില്‍ തുറന്നു പ്രവർത്തിക്കുന്നു.
ഒരു വർഷം മുമ്ബ് ഉദ്ഘാടനം കഴിഞ്ഞ ഷീലോഡ്ജാണ് 20ന് പ്രവർത്തനക്ഷമമാകുന്നത്.

ബൈലോ പ്രകാരം വനിതകളുടെ സഹകരണ സൊസൈറ്റിക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. എന്നാല്‍ ബൈലോ പ്രകാരം യോഗ്യതയുള്ള സൊസൈറ്റികളെ കിട്ടാത്തതാണ് ഷീ ലോഡ്ജിന്റെ പ്രവർത്തനം വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

ഷീ ലോഡ്ജിന്റെ ഉദ്ഘാടനം 2023 ഡിസംബർ 30ന് അന്നത്തെ മേയർ അഡ്വ. ടി.ഒ മോഹനനാണ് നി‌ർവഹിച്ചത്. കണ്ണൂർ കാള്‍ടെക്സില്‍ ഗാന്ധി സർക്കിളിന് സമീപത്താണ് ഷീ ലോഡ്ജ് പ്രവർത്തിക്കുന്നത്.

നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്നതായിരുന്നു ഷീ ലോഡ്ജിന്റെ ലക്ഷ്യം. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാർത്ഥിനികള്‍ക്കും ഇത് ഏറെ ഗുണകരമാകും. മേയർ ചെയർമാനായും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനായും കോർപ്പറേഷൻ സെക്രട്ടറി കണ്‍വീനറുമായി 18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഇതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക.

കണ്ണൂർ കോർപ്പറേഷൻ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫർണിച്ചർ, ലിഫ്റ്റ് എന്നിവയ്ക്ക് 29 ലക്ഷവും കൂടി ആകെ ഒരുകോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമ്മിച്ചത്. 336 സ്‌ക്വയർ മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം.

നാല് നിലകളുള്ള കെട്ടിടത്തില്‍ 3 നിലകളില്‍ ഡോർമിറ്ററി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 40 ബെഡ്ഡുകളാണ് ഉള്ളത്. ഇതില്‍ 10 എണ്ണം രാത്രികാലങ്ങളില്‍ പെട്ടെന്ന് നഗരത്തില്‍ എത്തിച്ചേരുന്നവർക്കായി മാറ്റിവെക്കും. ബാക്കി മാസ വാടകയ്ക്ക് നല്‍കും. നാലാമത്തെ നില വനിതകള്‍ക്കുള്ള ഫിറ്റ്നസ്സ് സെന്ററിനുവേണ്ടി സജ്ജമാക്കും. ഇതിന്റെ ടെൻഡർ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടൻ പ്രവർത്തനം ആരംഭിക്കും.

400 രൂപയാണ് ദിവസവാടക. താമസം മാത്രമാണെങ്കില്‍ 200 രൂപ നല്‍കിയാല്‍ മതി. താമസവും ഭക്ഷണവുമുള്‍പ്പെടെ 6000 രൂപയാണ് മാസവാടക. 20 മുതല്‍ സ്ത്രീകള്‍ക്ക് താമസിച്ചു തുടങ്ങാം.പുരുഷന്മാർക്ക് പ്രവേശനമില്ല.

Post a Comment

Previous Post Next Post