ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; തിങ്കളാഴ്ച വരെ ഇടിവെട്ടി മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കുള്ല സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും വെള്ളിയാഴ്ചയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ - പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങള്‍, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം, മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ച തെക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന വടക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കടല്‍ പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post