ഉരുള്‍പൊട്ടലില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം



തിരുവനന്തപുരം :വയനാട് ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് സംസ്ഥാന സർക്കാരിന്റെ കരുതല്‍. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെയും കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് റവന്യൂവകുപ്പില്‍ ക്ലർക്കായാണ് നിയമനം നല്‍കി.
റവന്യൂ വകുപ്പില്‍ ക്ലർക്കായി നിയമനം നടത്താൻ വയനാട് കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ശ്രുതിക്കൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ദുരന്ത വേളയില്‍തന്നെ വ്യക്തമാക്കിയിരുന്നു. 

ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. അപകട ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയതിനാലാണ് ശ്രുതി ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപെട്ടത്. പ്രതിശ്രുത വരൻ ജെൻസണായിരുന്നു ദുരന്തത്തില്‍ കൂട്ടായിരുന്നത്. ദുരന്തമുണ്ടായി കുറച്ച്‌ ദിവസത്തിന് ശേഷമുണ്ടായ വാഹനാപകടത്തില്‍ ജെൻസണും മരണപ്പെട്ടു. 

ശ്രുതിക്കൊപ്പമുണ്ടാകുമെന്നും സർക്കാർ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post