ശരീരമാസകലം കുത്തേറ്റ് ബംഗളൂരുവില്‍ യുവതി കൊല്ലപ്പെട്ടു; കണ്ണൂര്‍ സ്വദേശിയെ തിരഞ്ഞ് പൊലീസ്

ബംഗളൂരു: ബംഗളൂരു സർവീസ് അപ്പാർട്ട്മെന്‍റില്‍ അസം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മലയാളിയെ തിരഞ്ഞ് പൊലീസ്.
ബംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ്സ് അപ്പാർട്ട്മെന്‍റില്‍ അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. 

ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് അനയ് ആണ് കൊലയാളി എന്നാണ് സംശയം. കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. നവംബർ 25നാണ് യുവതിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്. 

നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റില്‍ മുറിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞിരുന്നു. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയില്‍ തന്നെ കഴിഞ്ഞതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

മായയുടെ ശരീരത്തിന് സമീപം സിഗരറ്റ് വലിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മൃതദേഹം ഛിന്നഭിന്നമാക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചെങ്കിലും പിന്നീട് ആ ആശയം ഉപേക്ഷിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പിന്നീട് നവംബർ 24-ന് രാവിലെ ആരവ് ക്യാബ് ബുക്ക് ചെയ്ത് അപ്പാർട്ട്‌മെന്‍റില്‍ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post