ദുബായ്: ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോണ്‍ മസ്കാണ് ലോകസമ്ബന്നൻ.
263 ബില്യണ്‍ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. 6.73 ബില്യണ്‍ ഡോളറിന്റെ വർധനവ് ഇക്കാലയളവില്‍ മസ്ക്കിനുണ്ടായതായി റിപ്പോർട്ടില്‍ പറയുന്നു. ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിന്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എല്‍വിഎംഎച്ചിന്റെ മേധാവി ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെർണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും യു.എസ്., ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്ബന്നരില്‍ യു.എസില്‍ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളില്‍ നിന്ന് 12 പേർ വീതവും ഇടം പിടിച്ചു.
മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ മുന്നിലുള്ളത്. 105 ബില്യണ്‍ ഡോളർ ആസ്തിയോടെ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യണ്‍ ഡോളർ ആസ്തിയോടെ 18-ാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്. ബ്ലൂംബെർഗ് പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. 6.45 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ 487-ാം സ്ഥാനത്ത് എം.എ. യൂസഫലിയുണ്ട്. 500 പേരുടെ പട്ടികയില്‍ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.
41 ബില്യണ്‍ ഡോളർ ആസ്തിയുള്ള എച്ച്‌സിഎല്‍ സ്ഥാപകൻ ശിവ് നാടാർ 37-ാമതും ടാറ്റാ സണ്‍സ് മേധാവിമാരില്‍ ഒരാളായ ഷാപൂർ മിസ്ത്രി 38-ാമതായും പട്ടികയിലുണ്ട്. ജിൻഡാല്‍ ഗ്രൂപ്പ് മേധാവി സവിത്രി ജിൻഡാലാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യൻ വനിത. 35.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിൻഡാല്‍ 49-ാം സ്ഥാനത്താണ്. 31 ബില്യണ്‍ ഡോളർ ആസ്തിയോടെ സണ്‍ ഫാർമസ്യൂട്ടിക്കല്‍സ് സ്ഥാപകൻ ദിലീപ് ഷാംഗ്വി 61-ാം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകൻ അസീം പ്രേംജി (29.4 ബില്യണ്‍ ഡോളർ), ഭാരതി എയർടെല്‍ ചെയർമാൻ സുനില്‍ മിത്തല്‍ (25.5 ബില്യണ്‍ ഡോളർ), ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള (22.9 ബില്യണ്‍ ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്സ് മേധാവി രാധാകൃഷ്ണൻ ധമാനി (22.2 ബില്യണ്‍ ഡോളർ) എന്നിവരാണ് ബ്ലൂംബെർഗ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാല് പേരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേരും സൗദിയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ അല്‍ വലീദ് ബിൻ തലാല്‍ രാജകുമാരനാണ് പട്ടികയിലെ അതിസമ്ബന്നനായ അറബ് പൗരൻ. 17.4 ബില്യണ്‍ ഡോളർ ആസ്തിയോടെ 123-സ്ഥാനത്താണ് തലാല്‍. തൊട്ട് പിറകെ 11.7 ബില്യണ്‍ ഡോളറുമായി സുലൈമാൻ അല്‍ ഹബീബ്, 9.22 ബില്യണ്‍ ഡോളർ ആസ്തിയുമായി മുഹമ്മദ് അല്‍ അമൗദി എന്നിവരാണ് സൗദിയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചവർ.
യു.എ.ഇ.യില്‍ നിന്നൂള്ള അബ്ദുള്ള ബിൻ അല്‍ ഗുരൈറാണ് പട്ടികയിലെ പ്രമുഖനായ മറ്റൊരു വ്യവസായി. ആഗോള തലത്തില്‍ 298 സ്ഥാനത്തോടെ 9.28 ബില്യണ്‍ ഡോളറാണ് അല്‍ ഗുരൈറിന്റെ ആസ്തി.

Post a Comment