വൈദിക പദവിയില്‍നിന്ന് സഭയുടെ രാജകുമാരനിലേക്ക്; നേരിട്ട് കര്‍ദിനാളാകുന്ന ആദ്യ ഇന്ത്യക്കാരൻ



കോട്ടയം: ഞായറാഴ്ച വത്തിക്കാനില്‍ ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ ഒരു പ്രഖ്യാപനം സിറോ മലബാർ സഭയ്ക്ക് മാത്രമല്ല, ഇന്ത്യക്ക് മുഴുവൻ അഭിമാനിക്കാവുന്ന മുഹൂർത്തമാണ് സമ്മാനിച്ചത്.
ആഗോള കത്തോലിക്കാ സഭയില്‍ 21 കർദിനാള്‍മാരെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയപ്പോള്‍ അതിലൊരാള്‍ ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാട് ആയിരുന്നു. 

സാധാരണ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കർദിനാള്‍മാരായി ഉയർത്തപ്പെടുക. മോണ്‍. ജോർജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കർദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കർദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയാണ് ജോർജച്ചന് സ്വന്തമായത്. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച്‌ സാധാരണ ഒരു വിശ്വാസിക്ക് (അല്‍മായൻ) മാർപ്പാപ്പയോ കർദിനാളോ ആകുന്നതിന് തടസമൊന്നുമില്ല. 

പുതിയ മാർപ്പാപ്പമാരുടെ തിരഞ്ഞെടുപ്പ് വരുമ്ബോള്‍ ഇങ്ങനെയൊരു ബോക്സ് വാർത്ത വരാറുമുണ്ട്.പക്ഷേ യാഥാർത്ഥ്യത്തില്‍ അങ്ങനെ സംഭവിക്കുകയില്ല. വൈദികനെ നേരിട്ട് കർദിനാള്‍ പദവിയിലെത്തുന്നതിനും സഭയില്‍ തടസമില്ല. ഇന്ത്യക്ക് പുറത്തുനിന്നുള്ള വൈദികർ കർദിനാള്‍മാരായി ഉയർത്തപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയില്‍ ഈ നിരയിലേക്കുയരുന്ന ആദ്യ വൈദികനെന്ന അത്യപൂർവമായ നിയോഗമാണ് ജോർജച്ചന് ലഭിച്ചിരിക്കുന്നത്. 

കത്തോലിക്കാ സഭയിലെ രാജകുമാരൻമാരെന്നാണ് കർദിനാള്‍മാരെ വിളിക്കുന്നത്. മാർപ്പാപ്പമാരെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത് 8 0വയസില്‍ താഴെ പ്രായമുള്ള കർദിനാള്‍മാർക്കാണ്. കാത്തലിക് എന്ന വാക്കിന്റെ അർത്ഥം യൂണിവേഴ്സല്‍ (എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്). റോമൻ കത്തോലിക്കാ സഭയും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ. 

ഇതിലെ രണ്ടു പൗരസ്ത്യ സഭകളാണ് കേരളത്തില്‍ നിന്നുള്ള സിറോ മലബാർ സഭയും സിറോ മലങ്കര സഭയും. സിറോ മലബാർ സഭയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയും സിറോ മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർ ക്ലീമീസുമാണ് കേരളത്തില്‍ നിന്നുള്ള ഇപ്പോഴത്തെ കർദിനാള്‍മാർ. അവരുടെ നിരയിലേക്ക് കർദിനാളായാണ് മോണ്‍. ജോർജ് കൂവക്കാട്ടച്ചനും ഉയരുന്നത്. 

2006- മുതല്‍ വത്തിക്കാൻ പ്രവർത്തനമണ്ഡലമാക്കിയ ജോർജച്ചൻ ചങ്ങനാശ്ശേരി അതിരൂപതയിലെ മാമ്മൂട് ലൂർദ് മാതാ ഇടവകാംഗമാണ്. വത്തിക്കാനില്‍ നിരവധി പദവികള്‍ വഹിച്ച അദ്ദേഹം ഇപ്പോള്‍ മാർപ്പാപ്പയുടെ യാത്രാ ചുമതലകളുളള സ്റ്റേറ്റ് സെക്രട്ടറിയാണ്. 51 വയസെന്ന 'ചെറുപ്രായ'ത്തിലാണ് അദ്ദേഹം കർദിനാള്‍ പദവിയിലെത്തുന്നത്. സിറോ മലബാർ സഭയ്ക്ക് മാത്രമല്ല മലയാളികള്‍ക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന പദവിയിലേക്കാണ് അദ്ദേഹം ഉയർത്തപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post