ടൊറന്റോ: കാനഡയിലെ ടൊറൻ്റോയില്‍ ടെസ്‌ല കാർ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.
ഗുജറാത്ത് സ്വദേശികളായ നാല് പേരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച കാറിൻ്റെ ബാറ്ററിക്ക് തീപിടിക്കുകയും കാർ കത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സ്വദേശികളായ രണ്ട് സഹോദരങ്ങളും ആനന്ദ് ജില്ലയില്‍ നിന്നുള്ള മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ഗോദ്ര സ്വദേശികളായ കേതബ ഗോഹില്‍ (29), സഹോദരൻ നീല്‍രാജ് (25), ആനന്ദ് ജില്ലയിലെ ബോർസാദ് നിവാസികളായ ജയരാജ്‌സിങ് സിസോദിയ (30), മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
'ആറ് വർഷം മുമ്ബ് കാനഡയിലേക്ക് പോയ കെതബ അവിടെ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഈ വർഷം ജനുവരിയിലാണ് നീല്‍രാജ് പഠിക്കാനായി കാനഡയിലേക്ക് പോയത്. തുടർന്ന് അവിടെതന്നെ ജോലിയും ചെയ്തുവരികയുമായിരുന്നു. ബ്രാംപ്ടണില്‍ താമസിച്ചുവന്ന സംഘം പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്'- ബന്ധു പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. റോഡരികില്‍നിന്ന ഒരു യാത്രക്കാരൻ കൃത്യസമയത്ത് ഓടിയെത്തി കാറില്‍ നിന്ന് പുറത്തെടുത്ത യുവതിയാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ കാർ പൂർണമായും കത്തിനശിച്ചു.
ഈ വർഷം ജൂലൈയില്‍ കാനഡയില്‍ പഞ്ചാബില്‍ നിന്നുള്ള മൂന്ന് വിദ്യാർഥികള്‍ കാർ ഹൈവേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. സംഭവത്തില്‍ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Post a Comment