മുബൈ: വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വർളിയിലെ ഡോ.ഇ.മോസസ് റോഡിലുള്ള പൊതുശ്മശാനത്തിലാണ് ചടങ്ങുകള്‍ നടന്നത്.
പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം. കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ പങ്കെടുത്തു.
ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണല്‍ സെന്റർ ഫോർ പെർഫോമിങ് ആർട്സില്‍ നടന്ന പൊതുദർശനത്തില്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് ഇന്ന് മഹാരാഷ്ട്രയില്‍ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. സംസ്ഥാന സർക്കാറിന്റെ എല്ലാ പരിപാടികളും മരണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
1937 ഡിസംബർ 28ന് മുംബൈയിലാണ് ജനനം. അമേരിക്കയിലെ കോർണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ആർക്കിട്ടെക്ചറില്‍ ബി.എസ്.സി ബിരുദം നേടി. 1962ലാണ് ടാറ്റാ ഗ്രൂപ്പില്‍ ചേർന്നത്. 1974ല്‍ ടാറ്റാ സണ്‍സില്‍ ഡയരക്ടറായി നിയമിതനായി. 1981ല്‍ ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനായ രത്തൻ ടാറ്റ 1991ല്‍ ജെ.ആർ.ഡി ടാറ്റയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 ഡിസംബർ വരെ പദവിയില്‍ തുടർന്നു.
2000ല്‍ പദ്മഭൂഷണും 2008ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകള്‍ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്ബനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.
Post a Comment