ചെറിയൊരു യാത്രയ്ക്കായി പുറത്തിറങ്ങിയാല്‍ പോലും ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി യാത്രക്കാർക്ക് ഉണ്ടാകുന്ന സമയനഷ്ടം ചില്ലറയൊന്നുമല്ല. ഇതിന്റെ കൂടെ ഒരു മഴയും കൂടി പെയ്താലുള്ള കാര്യം പറയുകയും വേണ്ട.
അത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച ബാംഗ്ലൂർ ടെക്കിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സുധീപ് പി നമ്ബ്യാർ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കിട്ടത്. ജോലി കഴിഞ്ഞ് മഴയിലും ഗതാഗതക്കുരിക്കിലുംപ്പെട്ട് വീട്ടിലെത്താൻ നാലു മണിക്കൂർ സമയം വേണ്ടിവന്നു എന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. വെറും 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാണ് ഇത്രയും സമയം എടുത്തത്.
" ഇന്നലെ, ഞാൻ വൈറ്റ്ഫീല്‍ഡിലെ ഓഫീസില്‍ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെട്ട് ഏകദേശം രാത്രി 9.30 ഓടെ ആണ് യെലഹങ്കയിലെ വീട്ടിലെത്തിയത് . മഴയിലും ട്രാഫിക്കിലും 30 കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് ഏകദേശം നാല് മണിക്കൂർ സമയമാണ്!" സുധീപ് കുറിച്ചു. ബാംഗ്ലൂരില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഈയാഴ്ച മിക്ക ദിവസവും വീട്ടിലെത്താൻ മൂന്ന് മണിക്കൂറിലധികം സമയം വേണ്ടിവന്നുവെന്നും യുവാവ് പറഞ്ഞു.
"മിനിഞ്ഞാന്ന് 3.5 മണിക്കൂർ സമയമെടുത്താണ് വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ ആഴ്‌ച ഇത് 3 മണിക്കൂർ 15 മിനിറ്റായിരുന്നു. ആറ് മാസം മുമ്ബ് ഇത് 1 മണിക്കൂർ 45 മിനിറ്റായിരുന്നു. എല്ലാ ദിവസവും റെക്കോർഡുകള്‍ തകർക്കപ്പെടുന്നു! ഇത് എപ്പോള്‍ അവസാനിക്കും?" സുധീപ് ചോദിച്ചു. ഇത്തരം പ്രതികൂലമായ സാഹചര്യങ്ങളില്‍ ഒട്ടുമിക്ക കമ്ബനികളും തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നല്‍കിയിട്ടുണ്ടെങ്കിലും സുദീപിന് ആഴ്ചയില്‍ അഞ്ചുദിവസം ഓഫീസില്‍ തന്നെ പോയി ജോലി ചെയ്യേണ്ടതുണ്ട്.
''എന്നോട് വീട്ടിലിരുന്ന് ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുന്നവരോട് , ഇത് എല്ലാവർക്കും എളുപ്പത്തില്‍ ലഭ്യമല്ല എന്നാണ് പറയാനുള്ളത്. ചിലർക്ക് ആഴ്ചയില്‍ 5 ദിവസവും ഓഫീസില്‍ പോകേണ്ടിവരും. യെലഹങ്കയിലെ സ്വന്തം കെട്ടിടത്തിലാണ് താൻ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വീടു മാറുകയോ വാടകയ്ക്ക് താമസിക്കുകയോ ചെയ്യുന്നത് തന്റെ സാമ്ബത്തിക സ്ഥിതിക്ക് അനുയോജ്യമായ തീരുമാനമാവില്ല'' എന്നും സുദീപ് വ്യക്തമാക്കി.
നിലവില്‍ ബാംഗ്ലൂരില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകളിലൂടനീളം വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം ഒഴുകുന്ന റോഡിലൂടെ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുദീപ് താമസിക്കുന്ന യെലഹങ്ക എന്ന പ്രദേശത്ത് മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളും അരക്കൊപ്പം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെത്തിക്കുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Post a Comment