കൃത്യ സമയത്ത് ഇന്റർവ്യൂ കത്ത് ലഭിക്കാത്തതിനാല്‍ ജോലി നഷ്ടപ്പെട്ട യുവാവിന് പോസ്റ്റല്‍ വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
റവന്യു വകുപ്പിലേക്കുള്ള സർവെയറുടെ താത്കാലിക തസ്തികയിലേക്ക് ജില്ലാ കളക്ടർ പുറപ്പെടുവിച്ച അഭിമുഖ അറിയിപ്പാണ് ഉദ്യോഗാർത്ഥിക്ക് എത്തിക്കുന്നതില്‍ പോസ്റ്റല്‍ വകുപ്പ് കാലതാമസം വരുത്തിയത്. ശാരീരിക പരിമിതികളുള്ള പുല്‍പറ്റ ചെറുതൊടിയില്‍ അജിത് നല്‍കിയ പരാതിയിലാണ് കമ്മിഷൻ്റെ ഉത്തരവ്.
2024 ഫെബ്രുവരിയിലായിരുന്നു ഇൻ്റർവ്യൂ തീയതി. എന്നാല്‍ പരാതിക്കാരന് ഇന്റർവ്യൂവിനുള്ള കത്ത് ലഭിച്ചത് ഫെബ്രുവരി 16നായിരുന്നു. ഫെബ്രുവരി ആറിന് സിവില്‍ സ്റ്റേഷൻ പോസ്റ്റോഫീസ് വഴി അയച്ച കത്ത് ഏഴിന് തന്നെ പരാതിക്കാരന്റെ പോസ്റ്റോഫീസ് പരിധിയില്‍ എത്തിയിരുന്നു. ഇന്റർവ്യൂ കത്ത് കയ്യില്‍ കിട്ടിയത് 16നായതിനാല്‍ പരാതിക്കാരന് ഇന്റർവ്യൂവില്‍ പങ്കെടുക്കാൻ കഴിയാതെ ജോലിക്കുള്ള അവസരം നഷ്ടമാകുകയായിരുന്നു.
സംഭവത്തില്‍ വീഴ്ച്ച വരുത്തിയ പോസ്റ്റ് മാനെ പിരിച്ചു വിട്ടെന്നും നഷ്ടപരിഹാരം നല്‍കാൻ ബാധ്യതയില്ലന്നും പോസ്റ്റല്‍ വകുപ്പ് വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് കമ്മിഷൻ ഉത്തരവിട്ടത്. ശാരീരിക പരിമിതികളുള്ളവരെ ചേർത്ത് പിടിയ്ക്കാനുള്ള സാമൂഹികമായ ഉത്തരവാദിത്വം കൂടിയാണ് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ചയില്‍ നിർവഹിക്കാനാകാതെ പോയതെന്നും കമ്മിഷൻ പറഞ്ഞു.
ഒരു ലക്ഷം രൂപ നഷ്ട പരിഹാരവും 5000 രൂപ കോടതിച്ചെലവും തപാല്‍ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്. അല്ലാത്ത പക്ഷം വിധി തീയതി മുതല്‍ 9 ശതമാനം പലിശ നല്‍കണമെന്നും കെ.മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ സിവി മുഹമ്മ്ദ് ഇസ്മയില്‍ എന്നവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിയില്‍ പറയുന്നു.
Post a Comment