കണ്ണൂര്‍ ജില്ലാ സ്കൂള്‍ കായിക മേള ; പയ്യന്നൂര്‍ ചാംപ്യൻമാര്‍

തലശേരി : കണ്ണൂർ ജില്ലാ സ്കൂള്‍ കായികമേളയില്‍ പയ്യന്നൂരിന്റെ വിജയകാഹളം. 29 സ്വർണവും 31 വെള്ളിയും 24 വെങ്കലവുമായി 301 പോയിന്റ്‌ നേടിയാണ് പയ്യന്നൂർ ഉപജില്ല ഓവറോള്‍ ചാമ്ബ്യന്മാരായത്‌.

സ്കൂളുകളില്‍ 99 പോയിന്റുമായി കോഴിച്ചാല്‍ ജിഎച്ച്‌എസ്‌എസ്സും ഒന്നാമതെത്തി. രണ്ടും മൂന്നും സ്ഥാനം പ്രാപ്പൊയില്‍ ജിഎച്ച്‌എസ്‌എസ്സും മാത്തില്‍ ജിഎച്ച്‌എസ്‌എസ്സും നേടി. ഈ മൂന്നു സ്കൂളുകളുടെയും കരുത്തിലാണ് പയ്യന്നൂർ മുന്നേറിയത്.

മട്ടന്നൂർ ഉപജില്ല 78 പോയിന്റുമായി രണ്ടാംസ്ഥാനവും 67 പോയിന്റുമായി ഇരിക്കൂർ മൂന്നാമതുമായി. എട്ടു സ്വർണവും ഏഴു വെള്ളിയും എട്ടു വെങ്കലവുമാണ് മട്ടന്നൂരിന് ലഭിച്ചത്. ആറ് സ്വർണവും എട്ടു വെള്ളിയും എട്ടു വെങ്കലവും ഇരിക്കൂറിന് ലഭിച്ചു.
സ്കൂളുകളില്‍ 99 പോയിന്റുനേടി കോഴിച്ചാല്‍ ജിഎച്ച്‌എസ്‌എസ് കുതിച്ചുയർന്നു.

11 വീതം സ്വർണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. പ്രാപ്പൊയില്‍ ജിഎച്ച്‌എസ്‌എസ് അഞ്ചു സ്വർണവും ഒമ്ബതു വെള്ളിയും അഞ്ചു വെങ്കലവും നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
നാലു വീതം സ്വർണവും വെള്ളിയും വെങ്കലവുംനേടി മാത്തില്‍ ജിഎച്ച്‌എസ്‌എസ് മൂന്നാം സ്ഥാനത്തെത്തി. 

മൂന്നു ദിവസമായി നടന്ന മേളയില്‍ 98 മത്സരങ്ങളാണ് പൂർത്തിയായത്. വ്യാഴം രാവിലെ ആറിന് ആണ്‍--പെണ്‍ വിഭാഗങ്ങളില്‍ ക്രോസ് കണ്‍ട്രി മത്സരം നടക്കും. ജില്ലാ സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ സി സോമൻ ഉദ്ഘാടനംചെയ്തു. ടി പി ഷാനവാസ് അധ്യക്ഷനായി.

കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ് സമ്മാനങ്ങള്‍ വിതരണംചെയ്തു. തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള, കൗണ്‍സിലർമാരായ പി മനോഹരൻ, സി പ്രശാന്തൻ, സി ഒ ടി ഷബീർ, കെ ലിജേഷ്, ടി വി റാഷിദ, എന്നിവർ സംസാരിച്ചു. ഈ വർഷം സർവീസില്‍നിന്ന്‌ വിരമിക്കുന്നവരെ ആദരിച്ചു

Post a Comment

Previous Post Next Post