തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കും. കായികമേള നവംബർ നാല് മുതല്‍ 11 വരെ കൊച്ചിയിലും ശാസ്ത്രമേള നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.
ശിവൻകുട്ടി അറിയിച്ചു. മത്സരങ്ങളില്‍ തദ്ദേശീയ ഇനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂള്‍,ഉപജില്ല,ജില്ലാതല മത്സരങ്ങളും മാറ്റും.
‘കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ആരുടെയും അനുവാദമില്ലാതെ ആര്‍ക്കും സ്‌കൂള്‍ തുടങ്ങാം എന്ന രീതിയാണ്. സ്‌കൂള്‍ തുടങ്ങുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. ഇതൊന്നും പാലിക്കാതെയാണ് ചിലര്‍ സ്‌കൂളുകള്‍ നടത്തുന്നത്. മട്ടാഞ്ചേരിയിലും തൃശൂരിലും കുട്ടികളെ മൃഗീയമായി മര്‍ദ്ദിക്കുന്ന സംഭവമുണ്ടായി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടിക്ക് അഞ്ചുലക്ഷം രൂപയാണ് ചിലര്‍ വാങ്ങുന്നത്. കേരളത്തിലെ സിലബസ് നിശ്ചയിക്കുന്നത് എസ്‌സിഇആര്‍ടി ആണ്. ഇതൊന്നുമില്ലാതെ സ്വയം പരീക്ഷയും, മാര്‍ക്കും ഉണ്ടാക്കുന്നു. തോന്നിയ പോലെയാണ് സിലബസ്. സ്‌കൂള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും സര്‍ക്കാര്‍ തീയതി നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസൃതമല്ലാതെ അധ്യാപകരെ നിയമിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു’.
Post a Comment